പോത്തൻകോട്: നന്നാട്ടുകാവിൽ പത്തുവയസുകാരനെ തെരുവുനായ വീട്ടിൽക്കയറി കടിച്ചു. വെമ്പായം വട്ടവിള കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു-ആശാദേവി ദമ്പതികളുടെ മകൻ പോത്തൻകോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിത്യനാണ് തെരുവുനായയുടെ കടിയേറ്റത്. ശനിയാഴ്ച വൈകിട്ട് നാലരയ്ക്ക് വരാന്തയിൽ ഇരിക്കുമ്പോഴാണ് നയ കടിച്ചത്. വലതു തുടയിൽ കടിയേറ്റ ആദിത്യനെ ജനറൽ ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച ഈ തെരുവുനായയെ ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തി. നന്നാട്ടുകാവിലും പരിസര പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും വളർത്തു മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാർ പറഞ്ഞു.
ക്യാപ്ഷൻ :ആദിത്യന്റെ വലതു തുടയിൽ തെരുവുനായ കടിച്ച നിലയിൽ