വിതുര: രണ്ട് മാസത്തിനു ശേഷം വിതുര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്ന് പൊന്മുടിയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു. കനത്ത മഴയെ തുടർന്ന് പൊന്മുടി പതിനെട്ടാംവളവിന് സമീപം രണ്ടുതവണ റോഡ് അരിക് ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് സെപ്തംബറിലാണ് പൊന്മുടി അടച്ചത്. ഇതോടെ പൊന്മുടി നിവാസികൾ ഒറ്റപ്പെടുകയായിരുന്നു.

മന്ത്രി മുഹമ്മദ് റിയാസിന്റെയും, ഡി.കെ.മുരളി എം.എൽ.എയുടെയും ശ്രമഫലമായി യുദ്ധകാലാടിസ്ഥാനത്തിലാണ് റോഡ് പണി പൂർത്തീകരിച്ചത്. ബസിന് പുറമേ സ്കൂൾ വാഹനങ്ങളും പൊന്മുടിയിലേക്ക് കയറ്റിവിടുന്നുണ്ട്.

പൊന്മുടി വനമേഖലയിൽ ഇപ്പോൾ ശക്തമായ മഴ പെയ്യുന്നുണ്ട്. കഠിനമായ മഞ്ഞുവീഴ്ചയുമുണ്ട്. കല്ലാർ പൊൻമുടി റൂട്ടിൽ ചില മേഖലകളിൽ റോഡരിക് മഴയത്ത് നേരിയതോതിൽ ഇടിയുന്നുണ്ട്. റോഡിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. പൊന്മുടി വനമേഖലയിൽ മഴ ശക്തി പ്രാപിച്ചിരിക്കുന്നതിനാലാണ് സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ വൈകുന്നത്.

പൊൻമുടി അടച്ചിട്ടിരിക്കുകയാണെങ്കിലും സന്ദർശനാനുമതി ചോദിച്ച് ധാരാളം സഞ്ചാരികൾ കല്ലാർ ഗോൾഡൻവാലി ചെക്ക് പോസ്റ്റിൽ എത്തുന്നുണ്ട്.

പൊന്മുടി കർമ്മസേന രൂപീകരിച്ചു

തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പൊന്മുടി കർമസേന എന്ന പേരിൽ ഒരു പ്രത്യേക ടീം രൂപീകരിച്ചു. സുരക്ഷിത വിനോദസഞ്ചാരം ഉറപ്പാക്കുന്നതിനും, സഞ്ചാരികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും അടിയന്തര സാഹചര്യം ഉണ്ടായാൽ വിനോദസഞ്ചാരികളെ സഹായിക്കുന്നതിനും, സംരക്ഷിത വനപ്രദേശങ്ങളിലെ മാലിന്യനിക്ഷേപം നിയന്ത്രിക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടിയാണ് സേന രൂപീകരിച്ചിട്ടുള്ളത്. സേനയുടെ പ്രവർത്തനോദ്ഘാടനം തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ഐ.പ്രദീപ് കുമാർ നിർവഹിച്ചു. പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രമ്യ.എസ്, പൊന്മുടി വനസംരക്ഷണ സമിതി പ്രസിഡന്റ് സുനീഷ്.എം, സെക്രട്ടറി വി.വിജു എസ്.എഫ്.ഒ പാലോട് റേഞ്ച് കോഓർഡിനേറ്റർ സുനിൽകുമാർ.എസ്,കല്ലാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എ.അരുൺ എന്നിവർ പങ്കെടുത്തു. വനസംരക്ഷണ സമിതി പ്രവർത്തകരായ സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും,

പൊന്മുടി തുറക്കണം

മാസങ്ങളായി അടച്ചിട്ടിരിക്കുന്ന പൊന്മുടി വിനോദസഞ്ചാരകേന്ദ്രം അടിയന്തരമായി തുറക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് ആവശ്യപ്പെട്ടു.പൊന്മുടി അടഞ്ഞതോടെ വിതുര,തൊളിക്കോട് മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. റോഡുപണി പൂർത്തിയായ സാഹചര്യത്തിൽ പൊന്മുടി തുറക്കാൻ വൈകിപ്പിക്കുന്നത് ശരിയല്ലെന്നും, പൊന്മുടി തുറക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഏകോപനസമിതി ഭാരവാഹികൾ അറിയിച്ചു.