
നെടുമങ്ങാട്: നെടുമങ്ങാട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ഇടറോഡുകളിൽ ഉൾപ്പെടെ വാഹന പാർക്കിംഗ് രൂക്ഷമായതോടെ കാൽനട യാത്രക്കാർ ദുരിതത്തിലായി. ടൗണിനകത്തെ മുക്കും മൂലയിലുമായി ഇരുചക്ര വാഹനങ്ങളും മറ്റും അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നതിനാൽ വഴിയാത്രക്കാർക്ക് തടസം കൂടാതെ നടക്കാൻ കഴിയാതായി. നെടുമങ്ങാട് കോടതി, റവന്യൂ ടവർ തുടങ്ങിയവയ്ക്ക് മുന്നിലെ അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്കും രൂക്ഷമായിട്ട് തന്നെ അധികൃതർ കണ്ട ഭാവം നടിക്കുന്നില്ല. നഗരപാതയുടെ ഓരങ്ങളിൽ ഇരുചക്ര വാഹനങ്ങളാണധികവും പാർക്ക് ചെയ്യുന്നതെങ്കിലും ഗ്രാമീണ റോഡുകളുടെ വശങ്ങളിൽ ഇരുചക്ര വാഹനങ്ങളും കാറുകളും നിരനിരയായി പാർക്ക് ചെയ്യുന്നതും പതിവാണ്. വാഹന പാർക്കിംഗിന് നെടുമങ്ങാട് ടൗണിന് സമീപത്തുതന്നെ പാർക്കിംഗ് മേഖല വിപുലമായ രീതിയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ പാർക്ക് ചെയ്യാൻ വാഹന ഉടമകൾ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. ഇതിന് പ്രധാന കാരണമായി പറയുന്നത് പാർക്കിംഗ് മേഖല നഗരത്തിൽ നിന്നു വളരെ ദൂരത്തിലാണ് എന്നതാണ്. റോഡിന് ഇരുഭാഗത്തും ചില സ്ഥലങ്ങളിൽ വൺവേ ആണെങ്കിൽക്കൂടി നിയമങ്ങളൊന്നും പാലിക്കാതെ വാഹന ഉടമകൾ തോന്നുംപടിയാണ് റോഡിൽ തന്നെ വാഹനങ്ങൾ പാർക്കുചെയ്യുന്നത്. വഴിയാത്രക്കാർക്കൊപ്പം വാഹന യാത്രക്കാരും ഈ പാർക്കിംഗ് മൂലം വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. ട്രാഫിക് പൊലീസിന്റെ നിരുത്തരവാദപരമായ പ്രവൃത്തിയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാരും വ്യാപാരികളും ഏക സ്വരത്തിൽ പറയുന്നു. റവന്യൂ ടവറിന് മുന്നിലായി മിനി സിവിൽ സ്റ്റേഷന്റെ പണി ആരംഭിച്ചതോടെയാണ് ഗതാഗത തടസം ഏറെ രൂക്ഷമായത്. സെക്യൂരിറ്റിയെ അടിയന്തരമായി നിയമിക്കാനുളള നടപടി ഉണ്ടാകണമെന്നും റവന്യൂ ടവറിന്റെ പിൻഭാഗത്ത് വൃത്തിഹീനമായി കിടക്കുന്ന സ്ഥലം വൃത്തിയാക്കി പാർക്കിംഗിനുളള സൗകര്യം ഒരുക്കണമെന്നുമാണ് റവന്യൂ ടവർ ജീവനക്കാരുടെയും കച്ചവടക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
പ്രതിസന്ധികൾ അനവധി
റവന്യൂ ടവറിന്റെ പിന്നിലായി കാടുപിടിച്ച് കിടക്കുന്ന സ്ഥലം പാർക്കിംഗിനുവേണ്ടി മാറ്റിയാൽ കോടതിയുടെയും റവന്യൂ ടവറിന്റെയും മുന്നിലുളള അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്കും അവസാനിപ്പിക്കാൻ കഴിയും. എന്നാൽ നടപടി സ്വീകരിക്കാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. റവന്യൂ ടവറിലെ വേസ്റ്റുകളെല്ലാം കൊണ്ടിടുന്നതും ഇവിടെയാണ്. പാർക്കിംഗ് സൗകര്യം കുറവെന്ന കാരണത്താൽ റവന്യൂ ടവറിനുളളിൽ ജനങ്ങൾ എത്താത്തത് കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. മാർക്കറ്റ് ജംഗ്ഷൻ മുതൽ സത്രം മുക്ക് വരെ അര കിലോമീറ്ററോളം ദൂരം തിങ്ങിനിറഞ്ഞ വാഹനങ്ങളുടെ നിരയും പതിവാണ്. ഈസ്റ്റ് ബംഗ്ലാവിന്റെ വശങ്ങളിലും സൂര്യ റോഡിലെ കുപ്പക്കോണം ടവർ റോഡിലും നഗരസഭാ പരിസരം എന്നിവിടങ്ങളിലെയും വാഹനങ്ങളുടെ അനധികൃതമായ പാർക്കിംഗ് എന്നും അപകടം വിതയ്ക്കുകയാണ്.
മോഷണവും പതിവ്
വാഹനങ്ങൾ ഇടറോഡുകൾ കൈയടക്കിയതോടെ എതിരെ വരുന്ന വാഹനങ്ങൾക്ക് വശം നൽകാൻ ഡ്രൈവർമാർ ബുദ്ധിമുട്ടുകയാണ്. അതോടൊപ്പം റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരും മാറിനിൽക്കാൻ ഇടമില്ലാതെ കഷ്ടപ്പെടുന്ന കാഴ്ചയും നിത്യ സംഭവമാണ്. റവന്യൂ ടവറിനു മുന്നിൽ സിവിൽ സ്റ്റേഷന്റെ പണി ആരംഭിച്ചതോടെ റവന്യൂ ടവറിനും കോടതിക്കും ഇടയിലായിട്ടാണ് ഇരുചക്ര വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത്. ഇടുങ്ങിയ വഴിയായതിനാൽ മറ്റൊരു വാഹനം വന്നാൽ കാൽനടയാത്രപോലും ഇവിടെ അസാദ്ധ്യമാണ്. നൂറുകണക്കിന് വാഹനങ്ങളാണ് രാവിലെ എട്ടുമണിയോടെ ഇവിടെ പാർക്ക് ചെയ്യുന്നത്. ഇത് മൂലം റവന്യൂ ടവറിലെ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. റവന്യൂ ടവറിലെ സെക്യൂരിട്ടിയുടെ അഭാവം വളരെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. റവന്യൂ ടവറിൽ സി.സി കാമറകൾ ഒരുക്കാത്തതിനാൽ വാഹനങൾ മോഷണം പോകുന്നതും പതിവാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ രണ്ട് ബൈക്കുകൾ ഇവിടെ നിന്ന് മോഷണം പോവുകയും പാർക്ക് ചെയ്യുന്ന ബൈക്കുകളിൽ നിന്ന് പെട്രോൾ ഉൾപ്പെടെ സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. പരാതി പറഞ്ഞാൽ ശരിയാക്കാം എന്നു പറയുന്നതല്ലാതെ നാളിതുവരെയായിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.