വിതുര: മലയോര മേഖലയിൽ വീണ്ടും പനിയുടെ താണ്ഡവം ശക്തമാകുന്നു. പനി, ശരീരവേദന, ജലദോഷം, തുമ്മൽ, ശ്വാസതടസം, കഫക്കെട്ട്, തലവേദന എന്നീ അസുഖങ്ങളാണ് മലയോരവാസികളിൽ വ്യാപിച്ചിരിക്കുന്നത്. മഞ്ഞുവീഴ്ചയും തണുപ്പും രോഗത്തിന്റെ ആധിക്യം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വിതുര ഗവ. താലൂക്കാശുപത്രി, തൊളിക്കോട്, മലയടി കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെല്ലാം രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ആദിവാസികളടക്കം ആയിരങ്ങളാണ് സർക്കാർ ആശുപത്രികളിൽചികിത്സ തേടിയെത്തുന്നത്. രണ്ടാഴ്ചയ്ക്കിടയിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. ആശുപത്രികളിൽ കിടത്തി ചികിത്സ നൽകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അനവധി പേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയിട്ടുണ്ട്. ആദിവാസി, തോട്ടം മേഖലകളിലും രോഗം വ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും സൗജന്യ റേഷൻ നൽകണമെന്നുമുള്ള ആവശ്യം ശക്തമാണ്. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന മലയോരമേഖലയിൽ അനവധി ജീവനുകൾ കൊവിഡ് കവർന്നെടുത്തിരുന്നു. കൊവിഡിന് ശേഷം വീണ്ടും പനി പിടിമുറുക്കിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. അരുവിക്കര നിയോജക മണ്ഡലത്തിലെ ആര്യനാട്, പൂവച്ചൽ, കുറ്റിച്ചൽ, ഉഴമലയ്ക്കൽ, വെള്ളനാട്, അരുവിക്കര, വിതുര, തൊളിക്കോട് തുടങ്ങിയ 8 പഞ്ചായത്തുകളിലും രോഗവ്യാപനം രൂക്ഷമാണ്. രോഗം ബാധിച്ചതിൽ ഏറെയും കുട്ടികളാണ്. വിദ്യാർത്ഥികൾക്കിടയിൽ രോഗം വ്യാപിച്ചതോടെ സ്കൂളുകളിലെ ഹാജർനിലയിലും കുറവ് വന്നിട്ടുണ്ട്.

 കനത്ത മഴയും

ഒരാഴ്ചയായി വിതുര മേഖലയിൽ തിമിർത്തുപെയ്യുന്ന വൃശ്ചികവർഷത്തോടൊപ്പം ശക്തമായ തണുപ്പും മഞ്ഞുവീഴ്ചയുമുണ്ട്. കാലാവസ്ഥയിലെ വ്യതിയാനം രോഗം പടരുന്നതിന് കാരണമാവാം. രോഗവ്യാപനത്തിന് പുറമെ മഴ കൂടി എത്തിയതോടെ ജനം അക്ഷരാർത്ഥത്തിൽ നട്ടംതിരിയുകയാണ്. മഴയെ തുടർന്ന് ആദിവാസി മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. തോട്ടം മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല.

 പ്രതിരോധം കടലാസിൽ

രോഗം പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ പഴയപടി തന്നെയാണ്. കൊവിഡ് ഉൾപ്പെടെയുള്ള രോഗവ്യാപനമുണ്ടായപ്പോൾ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയിരുന്നത്. വിതുരയിലെ ടൂറിസം മേഖലകളിലും വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മിക്ക ആശുപത്രികളിലും മരുന്ന്ക്ഷാമം നേരിടുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പും പഞ്ചായത്തും വ്യക്തമാക്കുന്നത്.

 വിതുര, തൊളിക്കോട്, പഞ്ചായത്തുകളിൽ പടരുന്ന രോഗങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. ആശുപത്രികളിൽ വേണ്ടത്ര മരുന്ന് ലഭ്യമാക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം. സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ

വിതുര മേഖലാ കമ്മിറ്റി ഭാരവാഹികൾ