ulghadanam-cheyunnu

കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്ത് 6,7 വാർഡുകളുടെ അതിർത്തി പ്രദേശത്ത് സ്ഥാപിക്കുന്ന സിവേജ് പ്ലാന്റിനെതിരെ ജനകീയകൂട്ടായ്മ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ജനവാസ മേഖലയും സ്കൂൾ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിനും സമീപമായിട്ടാണ് നിലവിൽ പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ജനവാസ മേഖലയിൽ ഇതുപോലെ ഒരു പദ്ധതി നടപ്പാക്കുന്നത് മൂലം ഉണ്ടാകുന്ന സാമൂഹിക പരിസ്ഥിതി ആഘാതങ്ങൾ ബന്ധപ്പെട്ടവർ മനസ്സിലാക്കേണ്ടതുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ ആധികാരികമായി ശ്രദ്ധയിൽപ്പെടുത്താനും ഈ പദ്ധതി പൂർണമായി ഉപേക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി കരവാരം ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെയും നിവാസികളുടേയും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരുടെയും നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പദ്ധതിക്കെതിരെ പ്രമേയം പാസാക്കി. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ ഉദ്ഘാടനം ചെയ്തു. കരവാരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഫാൻസി അദ്ധ്യക്ഷയായി. ഗുരുദാസിനെ ആക്ഷൻ കൗൺസി ചെയർമാനായും ഗംഗാധരൻ പിള്ളയെ കൺവീനറായും തിരഞ്ഞെടുത്തു.