
കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് വക്കം പണയിൽ കടവ് റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് ഏറെക്കാലമായി. കഴിഞ്ഞ വർഷം ഈ റോഡിന്റെ പല ഭാഗങ്ങളും നവീകരിക്കാനായി നാല് കോടി രൂപ അനുവദിച്ചിരുന്നു. ഫണ്ട് അനുവദിച്ച എം.എൽ.എയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് റോഡിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ കാലപ്പഴക്കത്തിൽ നശിച്ചിട്ടും റോഡ് പണി ആരംഭിച്ചിട്ടില്ല.
ശിവഗിരി തീർത്ഥാടന സമയത്ത് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ വക്കത്തെ ക്ഷേത്രങ്ങൾ സന്ദർശിച്ച് തീർത്ഥാടകർ ശിവഗിരിയിലേക്ക് പോകുന്നത് ഈ റോഡ് വഴിയാണ്. ഇത്തവണ ശിവഗിരി തീർത്ഥാട സമയം അടുത്തിട്ടുപോലും റോഡ് നവീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
പ്രദേശവാസികൾ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി കൊടുത്തിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ പരാതി.
റോഡ് നവീകരിക്കാൻ നാല് കോടി രൂപയ്ക്ക് ടെൻഡർ വച്ചിട്ടും പതിനെട്ട് ശതമാനം ജി.എസ്.ടി ആക്കിയതുകൊണ്ട് കോൺട്രാക്ടർമാർ ആരുംതന്നെ ക്വാട്ടേഷൻ എടുക്കാൻ തയ്യാറാകുന്നുമില്ല. നിലയ്ക്കാമുക്കിലെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകൾ കൂടി നവീകരിച്ചാൽ മാത്രമേ റോഡ് പണി പൂർത്തിയാകൂ. മഴ പെയ്താൽ അങ്ങാവിള മുതൽ കുന്നുവിള വരെയുള്ള ഭാഗങ്ങളിൽ വെള്ളം നിറഞ്ഞ് യാത്രാക്ലേശം രൂക്ഷമാകും. ഈ സമയങ്ങളിൽ ഇതുവഴി വരുന്ന യാത്രക്കാർക്ക് റോഡിലെ കുഴി ഏത് ഭാഗത്താണെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് ഇവിടെ അപകടങ്ങളും പതിവാണ്. അടിയന്തരമായി ഈ റോഡിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.