
വെള്ളറട: പാറശാല - വെള്ളറട മലയോര ഹൈവേയിലെ ചെറിയകൊല്ലയിൽ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിച്ചു.ബി.ജെ.പി പാറശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരം ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി ഉദ്ഘാടനം ചെയ്തു. റോഡുപരോധത്തിനിടെ ഒരു പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിനിടയാക്കി.ചെറിയകൊല്ല വാർഡ് മെമ്പർ പ്രദീപ് വെള്ളക്കെട്ടിൽ കിടന്ന് പ്രതിഷേധിച്ചു.സമരത്തിന് നേതൃത്വം നൽകിയ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. എം.പ്രദീപ്,യുവമോർച്ച മണ്ഡലം പ്രസിഡന്റ് ചെറിയകൊല്ല പ്രദീപ്,യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീഷ്,പ്രവർത്തകരായ ഷാൻ,രാജേഷ്,ഉമേഷ്,ശശികുമാർ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയതിന് പത്തുപേർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. മഴപെയ്താൽ ചെറിയകൊല്ലയിൽ വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായി.റോഡിന്റെ ഇരുവശത്തെയും ഓടകൾ വസ്തു ഉടമകൾ അടച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.