
തിരുവനന്തപുരം:തമിഴ്നാടും കർണാടകയും ആന്ധ്രയും തെങ്കങ്കാനയും അടക്കം തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളെല്ലാം ദുരന്തം മനസ്സിലാക്കി നിയമംമൂലം നിരോധിച്ച ഓൺലൈൻ ഗയിമുകളുടെ ഇരകളാവാൻ കേരളീയരെ വിട്ടുകൊടുത്തിരിക്കുകയാണ് സർക്കാർ.
ഓൺലൈൻ ലോട്ടറി നിരോധനത്തിന് സമാനമായ ഭേദഗതിയിലൂടെ ഗെയിമുകൾ നിരോധിക്കണമെന്ന് ജൂലായിൽ നിയമവകുപ്പ് ആഭ്യന്തരവകുപ്പിന് നൽകിയ ശുപാർശ ഭരണത്തിന്റെ അകത്തളങ്ങളിൽ പിടിച്ചുവച്ചിരിക്കുകയാണ്.
റമ്മി കളിക്ക് അടിപ്പെടുന്ന ഉദ്യോഗസ്ഥർ മറ്റുള്ളവരുടെ ബാങ്കു നിക്ഷേപങ്ങളിലും സർക്കാരിന്റെ ട്രഷറിയിലും തിരിമറി നടത്തി കോടികൾ തട്ടിയെടുത്തിട്ടും സർക്കാരിന് കുലുക്കമില്ല.
റമ്മി പോലുള്ള പണംവച്ചുള്ള ഓൺലൈൻ ഗെയിമുകൾ തടയാൻ പഴുതടച്ച നിയമഭേദഗതി കൊണ്ടുവരുമെന്ന് ആഗസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയ്ക്ക് ഉറപ്പ് നൽകിയിരുന്നു.
ഗെയിമിൽ കുടുങ്ങിയ പലരും ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ
ഓൺലൈൻ റമ്മികളി നിരോധിച്ച് 2021ഫെബ്രുവരിയിലിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കാനാണ് നിയമഭേദഗതി വേണ്ടത്. തമിഴ്നാട്ടിൽ സമാന വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ നിയമഭേദഗതിക്ക് ഓർഡിനൻസിറക്കിയിരുന്നു. കർണാടക സർക്കാർ നിരോധനം നടപ്പാക്കാൻ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
കേരള ഗെയിമിംഗ് ആക്ടിലെ സെക്‌ഷൻ- 3 ഭേദഗതി ചെയ്ത് ഗെയിമുകൾ നിരോധിക്കാം. ലംഘിച്ചാൽ ഒരുവർഷം തടവിനും 10,000രൂപ പിഴയ്ക്കും ശിക്ഷിക്കാം.
ഓൺലൈൻ ചൂതാട്ടത്തിനായി പഞ്ചാബ് നാഷണൽ ബാങ്കുദ്യോഗസ്ഥൻ റിജിൽ കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് 8കോടി തട്ടിയെടുത്തതാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിലത്തെ സംഭവം. വഞ്ചിയൂർ ട്രഷറിയിൽ നിന്ന് മുമ്പ് 2.7കോടി കൊള്ളയടിച്ച ട്രഷറി അക്കൗണ്ടന്റായ ബിജുലാലും ഇതിന്റെ ഇരയാണ്. 20ലേറെപ്പേരാണ് ഓൺലൈൻ ചൂതാട്ടത്തിൽ കടംകയറി ഇതുവരെ ജീവനൊടുക്കിയത്.
400
ആപ്പുകളാണ് കൊള്ളപ്പലിശയ്ക്ക് വായ്പനൽകുന്നത്.
കടംകയറി ജീവനൊടുക്കിയവരിൽ ഭൂരിഭാഗവും ഇത്തരം വായ്പകളെടുത്തിരുന്നു. ഈ വായ്പ എടുക്കാതെ കളിക്കാനാണ് ഉദ്യോഗസ്ഥർ ബാങ്കിൽ നിന്നും ട്രഷറയിൽ നിന്നും പണം തട്ടിയെടുത്തത്.
63
ആപ്പുകളിൽനിന്ന് വായ്പയെടുത്ത് കുടുങ്ങിയവരുടെ 63പരാതികൾ
ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.