തിരുവനന്തപുരം: ലാത്വിയൻ വനിത കൊല്ലപ്പെട്ട കേസിലെ അന്വേഷണ സംഘത്തിനും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻ രാജിനും പോസ്റ്റുമോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസറും പൊലീസ് സർജനുമായിരുന്ന ഡോ.കെ.ശശികലയ്ക്കും ഡി.ജി.പിയുടെ അനുമോദനം. പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ലാത്വിയയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജെ.കെ. ദിനിലിന്റെ പഴുതടച്ച അന്വേഷണം കേസ് തെളിയിക്കുന്നതിൽ നിർണായകമായതായി ഡി.ജി.പി പറഞ്ഞു. മുൻ ദക്ഷിണമേഖലാ ഐ.ജിയും നിലവിൽ വിജിലൻസ് ഡയറക്ടറുമായ എ.ഡി.ജി.പി മനോജ് എബ്രഹാം, മുൻ സിറ്റി പൊലീസ് കമ്മിഷണറും നിലവിൽ ദക്ഷിണമേഖലാ ഐ.ജിയുമായ പി. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. ഡെപ്യൂട്ടി കമ്മിഷണർ വി. അജിത്ത്, തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ജെ.കെ. ദിനിൽ, ഡിവൈ.എസ്.പിമാരായ എൻ.വി. അരുൺ രാജ്, സ്റ്റുവർട്ട് കീലർ, എം.അനിൽ കുമാർ, ഇൻസ്‌പെക്ടർമാരായ സുരേഷ്.വി.നായർ, വി.ജയചന്ദ്രൻ, എം.ഷിബു, ആർ.ശിവകുമാർ, അന്വേഷണ സംഘത്തിലെ മറ്റ് പൊലീസുകാർ എന്നിവർ ഡി.ജി.പിയിൽ നിന്ന് പ്രശംസാപത്രം സ്വീകരിച്ചു. ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സയന്റഫിക് ഓഫീസർമാരായ ഡോ.സുനു കുമാർ, എ.ഷഫീക്ക, ബി.എസ്. ജിജി, കെ.പി. രമ്യ, സിന്ധുമോൾ, ജിഷ, ഡോ.കെ.ആർ. നിഷ, ജെ.എസ്. സുജ എന്നിവരും പ്രശംസാപത്രം ഏറ്റുവാങ്ങി.