
പാറശാല: ദേശീയ പാതയോട് ചേർന്നു കിടക്കുന്നതും പ്രസിദ്ധവുമായ തവളയില്ലാകുളത്തിൽ കുളവാഴ നിറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. കുളത്തിൽ വെള്ളമുണ്ടോ എന്നു തിരിച്ചറിയാൻ കഴിയാത്ത വിധമാണ് കുളവാഴ കൊണ്ട് നിറഞ്ഞിരിക്കുന്നത്. കുളത്തിൽ ഇറങ്ങാനോ കുളിക്കാനോ കഴിയാതെ വന്നപ്പോൾ നാട്ടുകാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. എം.എൽ.എ അടക്കം പല ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കുളത്തിനകത്ത് കിണർ സ്ഥാപിച്ച് നടപ്പാക്കിയ സ്വജൽധാര പദ്ധതി പ്രകാരം പ്രദേശത്തെ നാട്ടുകാർക്ക് ലഭ്യമായിരുന്ന കുടിവെള്ളവും കുളവാഴ മൂലം തടസപ്പെട്ടിരുന്നു. സമീപത്തെ ഏലാകളിലെ കൃഷിക്കും കുളവാഴ ഭീഷണി നേരിട്ടിരുന്നു. പലതവണ നാട്ടുകാരുടെ നേതൃത്വത്തിൽ കുളത്തിൽ മത്സ്യക്കൃഷി നടത്തി ലക്ഷങ്ങളുടെ വരുമാനം ലഭിച്ചിരുന്നെങ്കിലും കുളവാഴ നിറഞ്ഞപ്പോൾ മത്സ്യക്കൃഷിയും മുടങ്ങി. പൊറുതിമുട്ടിയ നാട്ടുകാർ പലവട്ടം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും കുളം വൃത്തിയാക്കാനായി ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞ് പരാതി മടക്കി. തുടർന്ന് വാർഡ് മെമ്പർ താരയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഇരുപത്തഞ്ചോളം ചെറുപ്പക്കാർ ഉൾപ്പെടുന്ന നാട്ടുകാർ കുളത്തിലെ പായലും കുളവാഴയും മാറ്റുന്നതിനായി മുന്നോട്ട് വരികയായിരുന്നു.
 വൃത്തിയാക്കൽ ഇങ്ങനെ
കുളത്തിലിറങ്ങിയ നാട്ടുകാർ ടയറിന്റെയും വാഴത്തടകളുടെയും സഹായത്തോടെ പായലും കുളവാഴയും മറുചാലിലൂടെ തള്ളിമാറ്റി സമീപത്തെ തോട്ടിലേക്ക് വിട്ടു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടന്നുവരുന്ന ചെറുപ്പക്കാരുടെ ശ്രമം വിജയിപ്പിക്കുന്നതിന് പിന്തുണയുടെ ഭാഗമായ വാഗ്ദാനങ്ങളുമായി നാട്ടുകാരും എത്തിയതോടെ സംഗതി ഉഷാർ. ഒരു ദിവസത്തെ പരിശ്രമഫലമായിട്ട് തന്നെ കുളത്തിൽ പരന്ന് കിടന്നിരുന്ന പകുതിയോളം കുളവാഴയും പുറത്തെത്തിക്കാനായി.
 ഭീഷണികൾ പലവിധം
കുളത്തിലെ പായലും കുളവാഴയും പുറത്തെത്തിക്കാൻ ഇനിയും രണ്ട് ദിവസത്തെ പരിശ്രമം കൂടി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതിന് മുമ്പും പായൽ കൊണ്ട് മൂടിയപ്പോൾ പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കാത്തതിനാൽ രണ്ടുതവണ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങി കുളം വൃത്തിയാക്കിയിരുന്നു. പാറശാല ഗ്രാമ പഞ്ചായത്തിലെ മിക്ക വാർഡുകളിലെയും കുളങ്ങൾ വർഷങ്ങളായി വൃത്തിയാക്കാതെ പായൽ മൂടിയും, കാടും പടർപ്പും വളർന്നും ചപ്പ് ചവറുകൾ നിറഞ്ഞും പരിസര മലിനീകരണ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ഇത് സമൂഹത്തിന് ഭീഷണിയായ നിലയിലേക്ക് മാറിയിട്ടുണ്ട്. നീരുറവകൾ സംരക്ഷിക്കപ്പെടാതിരുന്നാൽ പ്രകൃതിക്കും കാലാവസ്ഥാവ്യതിയാനത്തിനും ഭീഷണിയാവുമെന്നത് അധികൃതർ മറക്കുന്നു.