
തിരുവനന്തപുരം: ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി. ശ്രീവരാഗം വാഴപ്പള്ളി ലെയ്‌നിൽ സജികുമാറിനെയാണ് (33) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ മാസം 23നായിരുന്നു സംഭവമെങ്കിലും പ്രതിയെ പിടികൂടിയപ്പോഴാണ് ഇതേക്കുറിച്ച് പുറത്തറിഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.
കഴക്കൂട്ടത്ത് നിന്ന് ഉള്ളൂരിലേക്ക് ബസിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്കുനേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തെക്കുറിച്ച് യുവതി ബസ് കണ്ടക്ടറെ അറിയിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. നിരവധി സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ ഫോട്ടോ ലഭിച്ചതിനെ തുടർന്ന് നവമാദ്ധ്യമങ്ങളിലൂടെയും പൊലീസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഫോട്ടോ കൈമാറിയശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വെള്ളയമ്പലം ഭാഗത്തു നിന്ന് പിടികൂടിയത്. മെഡിക്കൽ കോളേജ് സി.ഐ പി. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്. സി.പി, ശശാങ്കകുമാർ എസ്.സി.പി.ഒ ബിമൽ മിത്ര, സി.പി.ഒമാരായ രതീഷ്, ശ്രീക്കുട്ടൻ, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു. തലസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ തുടരുമ്പോഴും പ്രത്യേക സുരക്ഷാ കർമ്മപദ്ധതി തയ്യാറാക്കാൻ പൊലീസിന് ഇതുവരെ സാധിച്ചില്ലെന്ന പരാതി ശക്തമാകുകയാണ്.