
തിരുവനന്തപുരം: ഭർത്താവിന്റെ മരണത്തെ തുടർന്നുള്ള മനോവിഷമത്തിൽ കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്‌തു. ഒന്നരവയസുള്ള മകനെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് എസ്.എ.ടി ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. ശാസ്തമംഗലം കൊച്ചാർ റോഡിൽ കെ.പി 119 (എ), വസന്തശ്രീയിൽ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദനയെയാണ് (21) ഇന്നലെ വൈകിട്ട് നാലോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നന്ദനയുടെ മകൻ റയാനാണ് ചികിത്സയിലുള്ളത്.
കൊച്ചാർ റോഡ് സ്വദേശികളായ ഓട്ടോ ഡ്രൈവർ മണികണ്ഠന്റെയും കനറാ ബാങ്ക് ഉള്ളൂർ ശാഖയിലെ ക്ലർക്ക് വിദ്യയുടെയും മകളാണ് നന്ദന. ഭർത്താവ് അനീഷ് കഴിഞ്ഞ സെപ്തംബറിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു നന്ദനയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ 11ന് അമ്മയുമായി നന്ദന സംസാരിച്ചിരുന്നു. ഇതിനുശേഷമാകാം ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടോടെ മണികണ്ഠൻ വീട്ടിലെത്തിയെങ്കിലും വീട് പുറത്തുനിന്നു പൂട്ടിയിരിക്കുന്നതിനാൽ തിരിച്ചുപോയി.
നന്ദനയുടെ സഹോദരി ശാരിക വൈകിട്ട് നാലോടെ വീട്ടിലെത്തിയപ്പോഴും വീടു പൂട്ടിയിട്ടിരിക്കുകയായിരുന്നു. സംശയം തോന്നിയ അയൽക്കാരും ബന്ധുക്കളും ബാൽക്കണിയിലെ വാതിലിലൂടെ അകത്തുകടന്നപ്പോഴാണ് മരണവിവരം അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. കുഞ്ഞിന് ജീവന്റെ തുടിപ്പുണ്ടായിരുന്നതിനാൽ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.