
കിളിമാനൂർ: സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു വീടെന്ന സ്വപ്നവുമായി കഴിയുകയാണ് പുല്ലയിൽ തോപ്പുമുക്ക് വയലിൽ വീട്ടിൽ നാണി (80). ഇക്കാലമത്രയും അന്തിയുറങ്ങിയിരുന്നത് നാട്ടുകാരുടെ കാരുണ്യത്താൽ അവരുടെ വീടുകളിലായിരുന്നു. സ്വന്തമായി പുരയിടമോ വീടോ ഉണ്ടായിരുന്നില്ല.
കശുഅണ്ടി ഫാക്ടറിയിൽ ജോലി ചെയ്ത് മിച്ചം പിടിച്ച തുക കൊണ്ട് അടുത്തിടെ അഞ്ച് സെന്റ് ഭൂമി വാങ്ങി. അവിടെ ചാക്കും പ്ലാസ്റ്റിക്കും കമ്പുകളും ചേർത്ത് ഒരു കൂര നിർമിച്ചാണ് കഴിയുന്നത്. മഴയായാൽ വെള്ളം കയറും, ഒപ്പം ഇഴജന്തുക്കളും. വാങ്ങിയ ഭൂമിയിൽ ഒരു കിടപ്പാടം വയ്ക്കണം എന്നാണ് ആഗ്രഹം. നിത്യ ചെലവിന് പുല്ല് വെട്ടി ഉപജീവനമാർഗം നടത്തുന്ന നാണിക്ക് വീട് എന്നത് സ്വപ്നം മാത്രമാണ്.
രണ്ട് പെൺമക്കൾ അവരുടെ വിവാഹത്തിന് ശേഷം തിരിഞ്ഞുനോക്കിയിട്ടില്ല. ഭർത്താവ് ഇളയമകളെ ഗർഭിണിയായിരിക്കുമ്പോഴേ ഉപേഷിച്ചുപോയി. ഇപ്പോൾ ഇവർക്ക് കൂട്ട് രണ്ട് നായ്ക്കൾ മാത്രമാണ്.സ്വന്തമായി റേഷൻകാർഡോ മറ്റു രേഖകളോ ഇല്ലാത്തതിനാൽ ഗ്രാമസഭകൾ വഴി ലൈഫ് മിഷനു പോലും അപേക്ഷിക്കാൻ കഴിയില്ല. നല്ലവരായ നാട്ടുകാരോ സംഘടനകളോ സഹായിച്ചാൽ നാണിക്കും ഒരു വീട് ഒരുങ്ങിയേനേ.