ആ നഷ്ടത്തിന് നാളെ 25 വയസ്.
എം.ജി.സോമന്റെ ഓർമ്മകളിൽ
ഭാര്യ സുജാത

പതിന്നാലാം വയസിലാണ് സോമേട്ടനെ ആദ്യമായി കാണുന്നത്. അന്നായിരുന്നു സോമേട്ടനുമായുള്ള വിവാഹം. രാഹുകാലം കഴിയുന്നതുവരെ ഞങ്ങൾ ചെങ്ങന്നൂരിൽ എന്റെ അമ്മാവന്റെ വീട്ടിൽ നിന്നു. അവിടെ വച്ചാണ് കല്യാണ ചെറുക്കനായ സോമേട്ടന്റെ മുഖം ആദ്യമായി ഞാൻ കാണുന്നത്. അൻപത്തിനാലു വർഷം മുൻപ് വിവാഹനിശ്ചയത്തിന് ആണുങ്ങൾ പെൺവീട്ടിലേക്ക് വരുന്ന പതിവില്ലായിരുന്നു. പെണ്ണുകാണൽ ചടങ്ങ് അപൂർവം. വിവാഹശേഷം ചെറുക്കന്റെ വീട്ടിലേക്ക് കാറിൽ ആണ് പോവുന്നത്. കാറിൽ കയറാൻ വേണ്ടിയാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചതുത്തന്നെ. അത് എന്റെ ജീവിതത്തിലെ രണ്ടാമത്തെ കാർ യാത്രയായിരുന്നു. മാവേലിക്കരയിലെ തിയേറ്ററിൽ 'ഏഴുരാത്രികൾ" എന്ന സിനിമ കാണാൻ വിവാഹം കഴിഞ്ഞ അടുത്ത ദിവസം ഞങ്ങൾ പോയി. അന്നാണ് മാവേലിക്കര പട്ടണം ആദ്യമായി കാണുന്നത്. ഞാൻ ആദ്യമായി കണ്ട സിനിമയും 'ഏഴു രാത്രി"കളായിരുന്നു. എയർഫോഴ്സിലായിരുന്നു ആ സമയത്ത് സോമേട്ടന് ജോലി. പഞ്ചാബിലെ ജോലിസ്ഥലത്തേക്ക് പോവുമ്പോൾ വീട്ടിൽ ഞാൻ തനിച്ചാകുമെന്ന് സോമേട്ടന് അറിയാമായിരുന്നു. പഠിക്കാൻ സ്കൂളിൽ പോകാൻ ഉപദേശിച്ചു. പാവാടക്കാരിയായിരുന്ന പെൺകുട്ടി സാരി ഉടുത്ത് സ്കൂളിൽ പോകേണ്ടി വരുന്നതിനാൽ ഞാൻ തന്നെ അതു ഉപേക്ഷിച്ചു. എയർഫോഴ്സിൽ ജോലി ഉള്ളസമയത്ത് സോമേട്ടൻ നാടകത്തിൽ അഭിനയിക്കുമായിരുന്നു. സിനിമയിലേക്ക് വന്നപ്പോൾ ഷൂട്ടിംഗ് കാണാൻ എനിക്ക് ആഗ്രഹം. മദ്രാസിൽ' കൊട്ടാരം വിൽക്കാനുണ്ട് "സിനിമയുടെ ഷൂട്ടിംഗ് കാണാൻ കൊണ്ടുപോയി. നസീർ സാറും ജയഭാരതിയുമാണ് ഞാൻ ആദ്യമായി കണ്ട സിനിമാതാരങ്ങൾ. പഞ്ചാബിലേക്കായിരുന്നു എന്റെ ആദ്യ ട്രെയിൻ യാത്ര. ആദ്യ വിമാന യാത്രയും സോമേട്ടനൊപ്പം. സിനിമയിൽ സോമേട്ടന് തിരക്കേറി. മിക്കപ്പോഴും മാസങ്ങൾ കഴിഞ്ഞായിരിക്കും വീട്ടിലേക്ക് വരിക. വീട്ടുകാരും നാട്ടുകാരുമായിരുന്നു സോമേട്ടന്റെ ലോകം. സോമേട്ടൻ അഭിനയിച്ച ഇതാ ഇവിടെ വരെ, രക്തമില്ലാത്ത മനുഷ്യൻ, ഒരു വർഷം ഒരു മാസം, ലേലം എന്നീ സിനിമകളാണ് ഞങ്ങൾ രണ്ടുപേർക്കും ഏറ്രവും ഇഷ്ടം. 'ലേലം" ഞങ്ങൾ ഒരുമിച്ചാണ് തിയേറ്ററിൽ പോയി കണ്ടത്. അതു അവസാന സിനിമയും ഒരുമിച്ചുള്ള ഞങ്ങളുടെ അവസാന യാത്രയുമായി .
പ്രായമായവർ മുതൽ കുട്ടികൾ വരെ സോമേട്ടന്റെ കൂട്ടുകാരാണ്. ദേഷ്യം മനസിൽ കൊണ്ടു നടക്കാറില്ല. ഞങ്ങൾ തമ്മിൽ പിണങ്ങാറുണ്ടായിരുന്നു. പിണക്കം ആദ്യം മാറുന്നത് സോമേട്ടനായിരുന്നു.സോമേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല. ഏതോ സിനിമയുടെ ലൊക്കേഷനിൽ പോയതാണെന്ന് മനസ് പറയാറുണ്ട്. സോമേട്ടൻ പോയശേഷം ആഘോഷങ്ങളില്ല. ഓണവും വിഷുവുമെല്ലാം കടന്നുപോവുന്നു. സോമേട്ടൻ അഭിനയിച്ച ഒരു സിനിമ പോലും പിന്നീട് കണ്ടില്ല. മനസ് പാകമാകുന്നില്ല. നാളെ ഡിസംബർ 12.ഇരുപത്തിഅഞ്ചു വർഷം മുൻപ് ഇതേ ദിവസമാണ് സോമേട്ടൻ പോയത്. മുപ്പത്തിയെട്ടു വർഷം മുൻപ്സോമേട്ടൻ ഉദ്ഘാടനം ചെയ്ത' ഭദ്ര സ്പെസസ് " ആണ് ഇപ്പോൾ എന്റെ ലോകം. 'ഭദ്ര" എന്ന പേരിട്ടതും സോമേട്ടൻ തന്നെ. എന്നെ ജീവിതം പഠിപ്പിച്ച സോമേട്ടൻ. എനിക്ക് ലോകം കാണിച്ചു തന്നു .സ്നേഹം മാത്രമല്ല, കരുതലും നിറച്ചായിരുന്നു സുജാത എന്ന വിളി.