തിരുവനന്തപുരം: അപൂർവമായി മാത്രം സമരം ചെയ്യുന്നവരാണ് കേരളത്തിലെ പ്രൈമറി ഹെഡ് മാസ്റ്റർമാർ.അവരെ നിരാഹാരസമരത്തിലേക്ക് വിട്ടത് സർക്കാരിന്റെ നടപടികളാണെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു.നൂൺമീൽ പദ്ധതിയുടെ ഫണ്ട് കാലാനുസൃതമായി വർദ്ധിപ്പിക്കുക, പ്രഥമാദ്ധ്യാപകരെ ഉച്ചഭക്ഷണ നടത്തിപ്പ് ചുമതലയിൽ നിന്നൊഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ ഏകദിന നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എം.എൽ.എമാരായ അൻവർ സാദത്ത്, നജീബ് കാന്തപുരം, ടി.വി ഇബ്രാഹിം, കെ.പി.പി.എച്ച്. എ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി അജിസ്കറിയ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സുമകുമാരി തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് 5 മണിയോടെ മോൻസ് ജോസഫ് എം.എൽ.എ നാരങ്ങാനീര് നൽകി സത്യാഗ്രഹ സമരം അവസാനിപ്പിച്ചു.കെ.പി.എസ്.ടി.എ ഉൾപ്പെടെയുള്ള വിവിധ അദ്ധ്യാപക സംഘടനാ നേതാക്കൾ സമരത്തിന് അഭിവാദ്യം അർപ്പിച്ചു.