
നെയ്യാറ്റിൻകര: റോഡ് നിർമ്മാണത്തിന്റെ മറവിൽ ഇറിഗേഷൻ വക ഭൂമിയിലെ ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ വാർഡ് കൗൺസിലറുടെ ഒത്താശയോടെ മുറിച്ചു കടത്തിയതായി പരാതി. നെയ്യാറ്റിൻകര തവരവിള വാർഡിൽ തേരുമ്മൽ മഠത്തിൽ ഭാഗത്ത് റോഡ് നിർമ്മിക്കുന്നതിനാണ് ആഞ്ഞിലി, അക്കേഷ്യ, റബർ അടക്കമുളള വൃക്ഷങ്ങൾ മുറിച്ച് മാറ്റിയത്. മരുതത്തൂർ ഏലായിലെ കൃഷിക്ക് വെള്ളമെത്തിക്കുന്നതിനുളള കനാൽ നിർമ്മിക്കാൻ ഇറിഗേഷൻ വകുപ്പ് വാങ്ങിയ വസ്തുവാണ് കൗൺസിലറുടെ നേതൃത്വത്തിലുളള സംഘം കൈയേറിയതായി പരാതി. പൊന്നും വിലയ്ക്ക് വാങ്ങിയ ഒന്നര കിലോമീറ്റർ ദൂരത്തോളമുള്ള വസ്തുവിൽ ഒരാഴ്ച മുമ്പ് തറ ഇടിച്ച് നിരപ്പാക്കി റോഡ് നിർമ്മിക്കാൻ ശ്രമം നടന്നിരുന്നു. പ്രദേശത്തെ സ്ഥലങ്ങൾക്ക് കൂടുതൽ വില ലഭിക്കാൻ വസ്തു ഉടമകൾക്ക് വേണ്ടിയാണ് ഇവിടെ റോഡ് നിർമ്മിക്കുന്നതെന്നാണ് ആരോപണം. റോഡ് വെട്ടിയ സ്ഥലത്തിന് 50 മീറ്ററിന് സമീപത്തായി സമാന്തര വാഹനസൗകര്യമുളള റോഡുള്ളതിനാൽ ഇവിടെ പുതിയൊരു റോഡിന്റെ ആവശ്യമില്ലെന്നും ഭൂമി സംബന്ധിച്ച് കോടതിയിൽ കേസുണ്ടെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. മരങ്ങൾ കടത്തിയ സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നെയ്യാറ്റിൻകര തഹസിൽദാർക്കും ഇറിഗേഷൻ അധികൃതർക്കും പരാതി നൽകി. നെയ്യാറ്റിൻകര ഇറിഗേഷൻ എ.ഇ മാരായമുട്ടം പൊലീസിലും പരാതി നൽകി.