തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിനെ (കിറ്റ്സ്) അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം പഠന, പരിശീലന, ഗവേഷണ കേന്ദ്രമാക്കി ഉയർത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കിറ്റ്സിൽ നിന്ന് ഉന്നത നിലവാരത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന 'മികവ്-2022" പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സർവകലാശാലയുടെ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ റാങ്കുകൾ കരസ്ഥമാക്കിയ കിറ്റ്സിലെ വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു. കൂടാതെ കിറ്റ്സിലൂടെ കാമ്പസ് പ്ലേസ്‌മെന്റ് നേടിയവരെയും യു.ജി.സിയുടെ നെറ്റ്-ജെ.ആർ.എഫ് പരീക്ഷയിൽ വിജയിച്ചവരെയും കലാകായിക മത്സരങ്ങളിൽ സംസ്ഥാന-ദേശീയ തലത്തിൽ അവാർഡുകൾ നേടിയവരെയും പരിപാടിയിൽ അനുമോദിച്ചു. ചടങ്ങിൽ കിറ്റ്സ് ഡയറക്ടർ ഡോ. ദിലീപ് എം.ആർ. അദ്ധ്യക്ഷനായി. അദാനി എയർപ്പോർട്ട് തിരുവനന്തപുരം ഹെഡ് ഒഫ് ഓപ്പറേഷൻസ് പി.കെ. അജു, കിറ്റ്സ് പ്രിൻസിപ്പൽ ഡോ. ബി.രാജേന്ദ്രൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ദീപ സുരേന്ദ്രൻ, ഡോ. വേണുഗോപാൽ സി.കെ. എന്നിവർ സംസാരിച്ചു.