
തിരുവനന്തപുരം: നവോത്ഥാന കേരളത്തിന്റെ കവിയായ കുമാരനാശാനിലൂടെയാണ് തലമുറകൾ കവിതയുടെ മാധുര്യവും ആത്മസംഘർഷവും അനുഭവിച്ചറിഞ്ഞതെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ് പറഞ്ഞു. മാർ ഇവാനിയോസ് കോളേജ് മലയാളവിഭാഗവും കുമാരനാശൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ആശാൻ @150 ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുമാരാനാശൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ വി. മധുസൂധനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആശാന്റെ കവിതകൾ മലയാളത്തിന്റെ ശക്തിസൗന്ദര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.ജിജിമോൻ കെ.തോമസ്,വൈസ് പ്രിൻസിപ്പൽ ഡോ.ഷേർളി സ്റ്റുവർട്ട്,ബർസാർ ഫാദർ സോജി മാത്യു,കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു. വിവിധ സെഷനുകളിലായി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എം. വിജയൻപിള്ള,ഡോ.എം.എ.സിദ്ധീഖ്,ഡോ. ജയ്സിമോൾ അഗസ്റ്റിൻ,ഡോ.സുഷമ കുമാരി,ഡോ.ആർ. അശ്വതി,ഡോ. സിനി വി എന്നിവർ പങ്കെടുത്തു. 'കുമാരനാശാന്റെ കാവ്യവഴികൾ' എന്ന വിഷയത്തിൽ ടെക്സാസ് സർവകലാശാലയിലെ അദ്ധ്യാപിക ഡോ. ദർശന മനയത്ത് സംസാരിച്ചു. സെമിനാറിനോടനുബന്ധിച്ച് കേരള ചിത്രകലാ പരിഷത്ത് ആശാൻ കവിതകളുടെ ചിത്രാവിഷ്കാരം നടത്തി. കുമാരനാശാൻ പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.