vyloppilli

തിരുവനന്തപുരം: രസങ്ങളെത്രയെന്ന് ചോദിച്ചാൽ ഒൻപതെന്ന് പറയാൻ എളുപ്പമാണ്. എന്നാൽ, രാവണന്റെ ഭാവങ്ങളെത്രയെന്ന് ചോദിച്ചാൽ ഉത്തരം അത്ര എളുപ്പമല്ല. അതറിയണമെങ്കിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന കൂടിയാട്ടം ഫെസ്റ്റിവലിൽ എത്തിയാൽ മതി. ഇരുപതോളം വ്യത്യസ്ത ഭാവങ്ങളുള്ള രാവണന്മാരെ കാണാനും ആസ്വദിക്കാനും കഴിയും.

കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ സഹായത്തോടെ കൂടിയാട്ടം കേന്ദ്രം സംഘടിപ്പിക്കുന്ന കൂടിയാട്ടം ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പ്രതിപാദ്യം രാവണനാണ്. നാട്യരാവണം എന്നു പേരിട്ടിരിക്കുന്ന ഫെസ്റ്റിവലിൽ ആശ്ചര്യ ചൂഡാമണിയും അഭിഷേക നാടകവും മഹാവീര ചരിതവും സീതാരാഘവം നാടകവും തുടങ്ങി നിരവധി കൃതികൾ രാവണന്റെ വിവിധ ഭാവങ്ങളുമായി അരങ്ങിലെത്തും. കൂടിയാട്ടം, നങ്ങ്യാർക്കൂത്ത്, പ്രബന്ധക്കൂത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി തിരുവനന്തപുരം മാർഗി ഉൾപ്പെടെ കൂടിയാട്ടം കേന്ദ്രത്തിനു കീഴിലുള്ള അഞ്ച് ഇൻസ്റ്റിറ്റ്യൂഷനുകളും കേരള കലാമണ്ഡലവും 10വരെ നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ഫെസ്റ്റിവൽ നടന്നിട്ടില്ല. 2019ൽ നടന്ന ഫെസ്റ്റിവലിന്റെ വിഷയം തോരണ യുദ്ധാങ്കമായിരുന്നു.

കേന്ദ്ര സംഗീത നാടക അക്കാഡമി ചെയർപേഴ്സൺ ഡോ. സന്ധ്യ പുരേച ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. കൂടിയാട്ടം പോലുള്ള കലാരൂപങ്ങൾ സൂക്ഷ്മമായ അവതരണവും ആസ്വാദനവും ആവശ്യപ്പെടുന്നവയാണ്. അതിലൂടെ ഏകാഗ്രമായ, സാത്വികമായ മനസ് കലാകാരനിലും ആസ്വാദകരിലും എത്തിക്കാൻ കഴിയുന്നത് മികച്ച കാര്യമാണെന്നും ഡോ. സന്ധ്യ പുരേച പറഞ്ഞു. മാർഗി സെക്രട്ടറി എസ്. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ്, മനോജ് കൃഷ്ണ, കൂടിയാട്ടം കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.