jaewan

ആര്യനാട്: വീരമൃത്യു വരിച്ച ജവാന്റെ പേരിൽ ഗ്രന്ഥശാല ഒരുക്കാൻ സൗജന്യമായി ഭൂമി നൽകി ജവാന്റെ കുടുംബം.16 വർഷങ്ങൾക്ക് മുൻപാണ് തീവ്രവാദി ഏറ്റുമുട്ടലിൽ ചത്തീസ്ഗഡ് വനമേഖലയിൽ വച്ച് മൈൻ സ്പോടനത്തിൽ ധീര ജവാൻ പറണ്ടോട് കിളിയന്നി സ്വദേശി പ്രേംജിത്ത് വീരമൃത്യു വരിക്കുന്നത്. തുടർന്ന് ധീര ജവാന്റെ സ്മൃതി മണ്ഡപം കുടുംബവീടിന് സമീപം സ്ഥാപിക്കുകയും വർഷങ്ങൾക്ക് ശേഷം പ്രദേശവാസികൾ ഒത്തുകൂടി ജവാന്റെ നാമകരണം നൽകി റസിഡന്റ്സ് അസോസിയേഷൻ രൂപീകരിക്കുകയും ചെയ്തിരുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ റസിഡന്റ്സ് അസോസിയേഷന് കഴിഞ്ഞു. ധീര ജവാൻ പ്രേംജിത് സ്മാരക സാംസ്കാരിക നിലയവും ഗ്രന്ഥശാലയും നിർമ്മിക്കുന്നതിനായി അസോസിയേഷൻ തീരുമാനമെടുത്തതോടെ ജവാൻ അന്ത്യവിശ്രമം കൊള്ളുന്ന പറണ്ടോട് കിഴക്കുംകരയിലെ സ്മൃതി മണ്ഡപത്തിനരികിലായി,​ സൗജന്യമായി രണ്ട് സെന്റ് ഭൂമി റസിഡന്റ്സ് അസോസിയേഷന്‌ ദാനം നൽകാൻ ജവാന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു. ജവാന്റെ വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് കണ്ടമത്ത് ഭാസ്ക്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു.വസ്തുവിന്റെ പ്രമാണമുൾപ്പെടെയുള്ള രേഖകൾ ജവാന്റെ കുടുംബം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി. അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്തംഗം കെ.കെ.രതീഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തംഗം പറണ്ടോട് ഷാജി,ചെട്ടിയാം പാറ വാർഡ് മെമ്പർ എച്ച്.പ്രതാപൻ,കെ.രാജേന്ദ്രൻ നായർ,എൻ.എസ്.എസ് വനിതാ സമാജം പ്രസിഡന്റ് എസ്.വിജയകുമാരി,അസോസിയേഷൻ ഭാരവാഹികളായ സി.സുധാകരൻ നായർ,വി.സി.അഭിലാഷ്,ബി.എസ്.ശ്രീജിത്,അജയ് അനിൽ,എ.വിഷ്ണു,എൻ.രതിഷ്,ബി.എസ്.രജിത്ത്,കെ.പി.പ്രമോദ്,ഡോക്ടർ അഭിജിത്ത്,മണിക്കുട്ടൻ,അസോസിയേഷൻ രക്ഷാധികാരിയും ജവാന്റെ പിതാവുമായ എം.പീതാംബരൻ നായർ,പ്രത്യേക ക്ഷണിതാക്കളായ ജയമോഹനൻ നായർ,ബി. അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.