aminitti-center

വക്കം: പരാധീനതകൾക്ക് നടുവിലും തലയുയർത്തി കായിക്കര ആശാൻ സ്മാരകം. ഒട്ടേറെ സാമ്പത്തിക പരാധീനതകൾ ഉണ്ടെങ്കിലും കുമാരനാശാന്റെ സ്മരണകൾ നിലനിറുത്തുന്നതിനും അദ്ദേഹത്തിന്റെ കവിതകളും സന്ദേശങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും വേണ്ടി ധാരാളം ഇടപെടലുകളാണ് ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്നത്. 2005ൽ അനുവദിച്ച ഒരു ലക്ഷം രൂപയാണ് ഗ്രാന്റിനത്തിൽ ഒരു വർഷം സ്മാരകത്തിന് ലഭിക്കുന്നത്. ഈ തുക കൊണ്ടാണ് ജീവനക്കാരുടെ ശമ്പളം,​ കറണ്ട് ചാർജ്, വാട്ടർ ബില്ല്, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ എല്ലാം നടത്തുന്നത്. ആശാൻ സ്നേഹികൾ നിന്നും ലഭിക്കുന്ന സഹായവും പിന്തുണയുമാണ് സ്മാരകത്തിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകരമാകുന്നത്. സർക്കാരുകളും ജനപ്രതിനിധികളും നൽകുന്ന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കും യഥാസമയത്ത് അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്തതുമൂലം ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.

10000ഓളം പുസ്തകശേഖരങ്ങളുള്ള ആശാൻ ലൈബ്രറി സ്മാരകത്തിന്റെ പ്രവർത്തനങ്ങൾക്ക് ഏറെ മാറ്റേകുന്നു. കഴിഞ്ഞതവണത്തെ വേൾഡ് പ്രൈസ് വിതരണത്തിന് എത്തിയ മുഖ്യമന്ത്രിയുടെ ഇടപെടലുകാരണം ആശാൻസ്മാരകത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ടൂറിസം ഡിപ്പാർട്ട്മെന്റ് ഉത്തരവ് പ്രകാരം മൂന്ന് കോടി രൂപ അനുവദിച്ചു. ഈ തുകയ്ക്ക് ആവശ്യമായ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന് സർക്കാർ ഏജൻസിയായ നിർമ്മിതിയെയാണ് ചുമതലപ്പെടുത്തിയത്. അവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രോജക്ടിന് അനുമതി ലഭിച്ചതിന്റെ ഭാഗമായി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന കാർമൽ കൺസ്ട്രക്ഷൻ കമ്പനിയാണ് ഈ പ്രവൃത്തി ഏറ്റെടുത്തത്. എന്നാൽ ഇവർക്ക് കൃത്യസമയത്തിന് പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിച്ചില്ല.

 ഇഴഞ്ഞിഴഞ്ഞ്

വികസനപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയതോടെ നിരവധി പരാതികൾ ഉണ്ടായി. ഈ പ്രവൃത്തികൾ കൃത്യസമയത്ത് നടത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താൻ നിർമ്മിതി കേന്ദ്രത്തിന് സാധിച്ചതുമില്ല. പരാതികളെ തുടർന്ന് പ്രസ്തുത കമ്പനിയെ ഒഴിവാക്കുകയും വർക്ക് റീടെൻഡർ ചെയ്യുകയും ചെയ്തു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിട്ടയേഡ് എൻജിനിയർമാർ അടങ്ങുന്ന ഒരു ടീമാണ് ഈ പ്രവൃത്തി എടുത്തിരിക്കുന്നത്. എന്നാൽ ഈ കമ്പനിയും പ്രവൃത്തികൾ ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ഒരു മുന്നേറ്റവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

 പരാതികൾ ഏറെ

നിരവധി പ്രാവശ്യം നോഡൽ ഏജൻസിയായ നിർമ്മതിയെ ഈ വിഷയം ബന്ധപ്പെട്ട് അറിയിച്ചിട്ടും, യാതൊരുവിധ ഇടപെടലും അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പ്രദേശത്തെ ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധവും അമർഷവുമാണ് ഉള്ളത്. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ പരിപാടികൾ ഒന്നുമില്ലാതെയാണ് പ്രവൃത്തികൾ മുന്നോട്ടു പോകുന്നത്.