general

ബാലരാമപുരം: ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന്റെ സംയോജിത കൃഷി പദ്ധതി കർഷകർക്കും വിദ്യാർത്ഥികൾക്കുമുൾപ്പെടെ പാഠശാലയാകുന്നു. പദ്ധതിയെക്കുറിച്ച് പഠിക്കാനും കൃഷി രീതികളെക്കുറിച്ച് മനസിലാക്കാനുമായി അന്യ സംസ്ഥാനങ്ങളിൽ നിന്ന് സഹകാരികളും കർഷകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് മാസം തോറും ഇവിടെ എത്തുന്നത്. എ.സി.എസ്.ടി.ഐ പരിശീലനത്തിനെത്തുന്ന വിവിധ ജില്ലകളിലെ ബാങ്ക് പ്രസിഡന്റുമാർ,ഭരണസമിതി അംഗങ്ങൾ,ജീവനക്കാർ കൂടാതെ കെ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ തുടങ്ങിയവർ ഫീൽഡ് വിസിറ്റിന്റെയും ട്രെയിനിംഗിന്റെയും ഭാഗമായി സംയോജിത കൃഷിത്തോട്ടത്തിൽ സന്ദർശനം നടത്തി വിവിധ കാർഷിക മാതൃകകൾ രൂപപ്പെടുത്തുന്നുണ്ട്. ഹിമാചൽപ്രദേശിലെ എ.സി.എസ്.ടി.ഐയുടെ പ്രോഗ്രാം കോർഡിനേറ്റർ ശിവാനി ശർമയുടെ നേതൃത്വത്തിലുള്ള സഹകാരി സംഘവും എൻ.സി.ഡി.സിയുടെ നേതൃത്വത്തിൽ മിസോറാമിൽ നിന്നുള്ള സഹകാരികളും സംയോജിത കൃഷിയെക്കുറിച്ച് പഠിക്കുന്നതിനായി സ്പിന്നിംഗ് മില്ലിൽ കഴി‌ഞ്ഞ മാസങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. പതിറ്റാണ്ടുകളായി തരിശായി കിടന്ന ബാലരാമപുരം സ്പിന്നിംഗ് മില്ലിലെ അഞ്ചര ഏക്കർ തരിശുഭൂമിയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചത്. തക്കാളി,വെണ്ട,പച്ചമുളക്,ചീര,കോവയ്ക്ക,പാവയ്ക്ക,കരിവേപ്പില,മല്ലിയില,​വെള്ളരി,കത്തിരിക്ക,വള്ളി പയർ എന്നിവയ്ക്ക് പുറമെ വിവിധയിനം വാഴകളും ഇവിടെ കൃഷി ചെയ്തുവരുന്നു. കൂടാതെ ഗ്രാമശ്രീ കോഴികൾ,​മലബാറി ആടുകൾ,​കാടക്കോഴികൾ,​വെച്ചൂർ പശു ഉൾപ്പെടെ 75 പശുക്കളെയും സംയോജിത കൃഷിയുടെ ഭാഗമായി സംരക്ഷിച്ചുവരുന്നു. പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയും നടത്തുന്നുണ്ട്. സ്പിന്നിംഗ് മില്ലിലെ കാർഷിക പദ്ധതി ഇതിനോടകം തന്നെ കാർഷിക വായ്പ സഹകരണ സംഘങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു പദ്ധതിയായി മാറിക്കഴിഞ്ഞു.