വക്കം: വക്കം ഗ്രാമപഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകരുടെ ഇടപെടൽ ഊർജ്ജിതമാക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസം പേ വിഷബാധയേറ്റ് യുവാവ് മരിച്ചത് മുതൽ കഴിഞ്ഞ മാസം ചെള്ള് പനി വന്ന് തൊഴിലുറപ്പ് തൊഴിലാളി മരിച്ചത് വരെ ബോധവത്കരണത്തിന്റെ കുറവ് പ്രകടമാണ്. പേവിഷ ബാധിച്ച് ആംബുലൻസ് ഡ്രൈവർ ജിഷ്ണു അത്യാസന്ന നിലയിലായപ്പോൾ ആ വീടുമായി ഇടപഴകിയ മുപ്പതോളം പേരാണ് വക്കം റൂറൽ ഹെൽത്ത് സെന്ററിൽ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ എത്തിയത്. ചെള്ള് പനി വന്ന് രാജലക്ഷ്മി മരിച്ചതിന് ശേഷം ഇപ്പോൾ വക്കത്ത് തൊഴിലുറപ്പ് മേഖലയിലെ പത്തോളം പേർക്ക് ചെള്ള് പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒമ്പതാം വാർഡിൽ രണ്ട് പേർക്കാണ് ചെള്ള് പനി.തൊഴിലുറപ്പിന് പോകുന്നവർക്ക് റൂറൽ ഹെൽത്ത് സെന്റർ വഴി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിലും അത് കഴിക്കാതിരിക്കുന്നതാണ് രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നത്.