
മലയിൻകീഴ് : വിളപ്പിൽശാല ഗവ. ആശുപത്രിയിൽ ജീവനക്കാരുടെ അപര്യാപ്തത മൂലം ചികിത്സ തേടിയെത്തുന്നവർ നന്നേ ബുദ്ധിമുട്ടുന്നു. താത്കാലിക ഡോക്ടറുടെ സേവനങ്ങൾക്കും മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണെന്ന പരാതിയും ഉയരുന്നുണ്ട്. ആശുപത്രിയിലെ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കാമെന്ന് അധികൃതർ നൽകിയ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. നേമം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ രാവിലെ 8.30 മുതൽ രാത്രി 8 വരെയാണ് പ്രവർത്തിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ മൂന്ന് താത്കാലിക ഡോക്ടറുടെ സേവനം ഉണ്ടെങ്കിലും മാസങ്ങളായുള്ള ഈ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുടെ ഒഴിവ് ഇതുവരെയും നികത്താനായിട്ടില്ല. വിളപ്പിൽ ഗ്രാമപഞ്ചായത്ത് അടുത്തിടെ ഒരു താത്കാലിക ഫാർമസിസ്റ്റിനെ നിയമിച്ചതൊഴികെ മറ്റ് ഒഴിവുകളൊന്നും ഇക്കാലയളവിനുള്ളിൽ നികത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. മരുന്നുകളുണ്ടെങ്കിലും ചികിത്സിക്കാനും മരുന്ന് നൽകാനും ശുശ്രൂഷയ്ക്കും ആളില്ലാത്ത അവസ്ഥ. കൊവിഡ് മഹാമാരി നീങ്ങിയതോടെ എൻ.ആർ.എച്ച്.എമ്മിലുള്ള താത്കാലിക ഡോക്ടർമാരുടെ സേവനവും ഇല്ലാത്ത സ്ഥിതിയാണിപ്പോൾ. 500 മുതൽ 650 വരെ രോഗികളിവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ജീവനക്കാരില്ലാത്തതിനാൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണ്. ജീവനക്കാരെ സ്ഥിരമായി നിയമിക്കാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
മരുന്നുകൾക്കും ക്ഷാമം
എല്ലാ സാമ്പത്തിക വർഷവും 9 ലക്ഷം രൂപയോളം വിലവരുന്ന മരുന്നുകൾ ഉൾപ്പെടെ വാങ്ങുന്നതിനായി ഗ്രാമ പഞ്ചായത്ത്, തുക അനുവദിക്കാറുണ്ടെങ്കിലും രോഗികൾക്ക് പലപ്പോഴും ചുരുക്കം ചില മരുന്നുകൾ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്ന പരാതിയും ഉയരുന്നുണ്ട്.
തസ്തികകൾ ഇങ്ങനെ
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വേണ്ടത്ത്ര ജീവനക്കാരെ നിയമിച്ച് വേണ്ടുന്ന സൗകര്യങ്ങളൊരുക്കാൻ നേമം ബ്ലോക്ക് പഞ്ചായത്തിന് കഴിയുന്നില്ല. ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ഹെഡ്നഴ്സ് തുടങ്ങിയ തസ്തികകളും നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രി ക്ലീനിംഗ് ജോലികൾ ചെയ്യുന്നത് വിളപ്പിൽശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ജീവനക്കാരാണ്. മുറിവ് കെട്ടുന്നതും ഒ.പി ടിക്കറ്റ് എഴുതുന്നതും പ്യൂൺ പണി ചെയ്യുന്നതുമെല്ലാം ഈ താത്കാലിക ജീവനക്കാരാണ്.