1

വിതുര: മൂന്ന് വർഷത്തിന് ശേഷം വിതുര കലുങ്ക് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു. സന്ധ്യയായാൽ ജംഗ്ഷനിൽ കൂരിരുട്ടാണെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി രണ്ടുതവണ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് ഇടപെട്ട് ഫണ്ട് അനുവദിക്കുകയും ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാൻ നടപടി സ്വീകരിക്കുകയുമായിരുന്നു.

പൊന്മുടി - തിരുവനന്തപുരം സംസ്ഥാനപാതയിലെ ജംഗ്ഷൻ കേന്ദ്രമാക്കി 10ഓളം ധനകാര്യസ്ഥാപനങ്ങളും നൂറിലധികം വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. പ്രധാന ജംഗ്ഷനായ ഇവിടെ വെളിച്ചമില്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പ്രവർത്തന രഹിതമായ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജംഗ്ഷനിലെ വ്യാപാരികളും റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തിലും കെ.എസ്.ഇ.ബി ഓഫീസിലും നിരവധി തവണ പരാതികൾ നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനെതിരെ ഹൈമാസ്റ്റിൽ റീത്തുവച്ചുവരെ സമരം സംഘടിപ്പിച്ചി​രുന്നു.

രാത്രിയായാൽ വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് ജംഗ്ഷനിലുള്ളത്. പൊന്മുടി, പേപ്പാറ, കല്ലാർ, ബോണക്കാട് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ ഇടത്താവളം കൂടിയാണ് ജംഗ്ഷൻ. ടൂറിസ്റ്റുകൾ കലുങ്ക് ജംഗ്ഷനിലിറങ്ങി ഭക്ഷണവും വിശ്രമവും കഴിഞ്ഞാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകുന്നത്. രാത്രിയിൽ ജംഗ്ഷനിൽ ബസിറങ്ങുന്ന യാത്രക്കാരും ഇരുട്ടിൽത്തപ്പേണ്ട അവസ്ഥയായിരുന്നു. ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാൻ നടപടി സ്വീകരിച്ച വിതുര പഞ്ചായത്ത് പ്രസിഡന്റിന് വിതുര ആത്മകിരണം ചാരിറ്റബിൾ ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു.