gg

കോവളത്ത് ലാത്വിയൻ യുവതി കൊല്ലപ്പെട്ട സംഭവം ദേശാന്തരതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഒരുമാസത്തിനു ശേഷം ജീർണിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംഭവം വലിയ വാർത്താപ്രാധാന്യം നേടി. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി തുടക്കത്തിൽ തനിക്ക് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തുകകൂടി ചെയ്തതോടെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. നിരവധി പേരെ ചോദ്യം ചെയ്‌തിരുന്നു. മൃതദേഹം കണ്ടെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ പൊലീസ് പ്രതികളെ പിടികൂടി.

കൊല്ലപ്പെടുന്നതിന് മുൻപ് യുവതി നാലുതവണ ക്രൂരമായ മാനഭംഗത്തിന് വിധേയയായിരുന്നു. പോത്തൻകോട്ടെ ആയുർവേദ ചികിത്സാകേന്ദ്രത്തിൽ നിന്നിറങ്ങി കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡുകൾ എന്ന വ്യാജേന സമീപിച്ച പ്രതികൾ വാഴമുട്ടത്തിന് സമീപമുള്ള 12 ഏക്കറോളം വരുന്ന കണ്ടൽക്കാട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ലഹരി നൽകി പീഡിപ്പിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം സ്ഥലം നിരീക്ഷിക്കാൻ പ്രതികൾ പലതവണ എത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. കേസന്വേഷണത്തിനിടെ പൊലീസിനും പ്രോസിക്യൂഷനും നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. മൃതദേഹം ജീർണിച്ചതിനാൽ ബയോളജിക്കൽ തെളിവുകൾ നഷ്ടമായിരുന്നു. സാഹചര്യത്തെളിവുകളും ശാസ്ത്രീയമായ അന്വേഷണവുമാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. സ്ഥലപരിചയമില്ലാത്ത യുവതിക്ക് ഒറ്റയ്ക്ക് കണ്ടൽത്തുരുത്തിൽ എത്താൻ കഴിയുമായിരുന്നില്ല. ഈ സ്ഥലത്ത് വന്നുപോകുന്ന ചിലരെ ചുറ്റിപ്പറ്റിയായി തുടർന്നുള്ള അന്വേഷണം. അങ്ങനെയാണ് കേസിൽ ഒന്നും രണ്ടും പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ പിടിയിലായത്. ലഹരിക്ക് അടിമകളായ ഇരുവരുടേയും പേരിൽ ലൈംഗികാതിക്രമം ഉൾപ്പെടെ നിരവധി കേസുകളുണ്ടായിരുന്നു.

കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് ഇവർ വാദിച്ചെങ്കിലും സംഭവം നടന്ന ദിവസം ഇവരുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ സംഭവസ്ഥലത്തിന് സമീപമായിരുന്നെന്ന് കണ്ടെത്തി. സാക്ഷികൾ കൂറുമാറുകയും ദൃക്‌സാക്ഷികൾ ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴും പരമാവധി സാഹചര്യത്തെളിവുകൾ ശേഖരിച്ച് കോടതിയിൽ വാദിച്ചാൽ സത്യം തെളിയുമെന്നാണ് ഈ കേസ് ചൂണ്ടിക്കാട്ടുന്നത്. രണ്ട് പ്രതികൾക്കും ജീവിതാവസാനം വരെ കഠിന തടവും പിഴയുമാണ് അഡിഷണൽ സെഷൻസ് ജഡ്‌ജി കെ. സനിൽകുമാർ വിധിച്ചത്. ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷതന്നെ ലഭിച്ചു എന്നത് നീതിയുടെ വിജയമാണ്.

കേസ് വിജയകരമായ സമാപ്തിയിലെത്തിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജും കേസന്വേഷണത്തിന് നേതൃത്വം നൽകിയ ഫോർട്ട് എ.സിയായിരുന്ന ജെ.കെ. ദിനിലും കേസ് അന്വേഷിക്കുന്നതിൽ പങ്കാളികളായ അൻപതോളം പൊലീസുകാരും അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി മനോജ് എബ്രഹാമും അഭിനന്ദനം അർഹിക്കുന്നു. സാക്ഷികളെ സ്വാധീനിക്കാൻ നിരന്തര ശ്രമങ്ങളുണ്ടായി. തന്റെ സഹോദരിക്ക് നീതിലഭിച്ചെന്നും വിധിയിൽ സന്തോഷമുണ്ടെന്നും കേരളത്തിൽ വീണ്ടും വരുമെന്നും വിദേശ വനിതയുടെ അനുജത്തി ഇൽസ പറഞ്ഞതുതന്നെ കേസ് നീതിയുക്തം സമാപിച്ചതിന്റെ സാക്ഷ്യപത്രമാണ്. സഹോദരിയുടെ തിരോധാനത്തെയും കൊലപാതകത്തെയും കുറിച്ച് അവർ ഒരു പുസ്തകം എഴുതുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികൾക്ക് ലഭിച്ച ശിക്ഷ രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടും.

കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ അനുജത്തിക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി സർക്കാർ നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ അപ്പീൽ ഉണ്ടാകുമെന്ന കാരണം പറഞ്ഞ് നഷ്ടപരിഹാരം നൽകുന്നത് സർക്കാർ വച്ചുതാമസിപ്പിക്കരുത്. ആ തുക എത്രയും വേഗം കൈമാറണം.