
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങളും തടയാനുള്ള കേന്ദ്ര എൻ.ഡി.പി.എസ് നിയമം ഭേദഗതി ചെയ്യാനുള്ള ശുപാർശ കേന്ദ്രസർക്കാരിന് നൽകിയതായി മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. നിലവിൽ ഈ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ലഹരിമരുന്നിന്റെ അളവ് സ്മാൾ, മീഡിയം, കൊമേഴ്സ്യൽ എന്നിങ്ങനെയാണ്. ഒരു കിലോവരെ കഞ്ചാവ് കൈവശം വച്ചാലും ജാമ്യം കിട്ടും. ഇവർ ജാമ്യത്തിലിറങ്ങി കുറ്റകൃത്യം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കൈവശം വയ്ക്കാവുന്ന അളവുകൾ പുന:പരിശോധിച്ച് നിയമഭേദഗതിക്ക് ശുപാർശ ചെയ്തത്. കേന്ദ്ര വിഷയമായതിനാൽ സംസ്ഥാനത്തിന് നിയമം നിർമ്മിക്കാനാവില്ല.
മയക്കുമരുന്ന് പ്രതികളുടെ ഡാറ്റാബേസ് എക്സൈസ് തയ്യാറാക്കിയിട്ടുണ്ട്. പ്രതികൾ കുട്ടികൾക്കെതിരെ ഉപദ്രവം നടത്തിയാൽ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുക്കുന്നുണ്ട്. എക്സൈസിനു കൂടി ഈ അധികാരം നൽകണമെന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. വടകരയിൽ എട്ടാംക്ലാസുകാരിയെ മയക്കുമരുന്ന് മാഫിയ കാരിയറാക്കി മാറ്റിയതിനെക്കുറിച്ച് പൊലീസും എക്സൈസും അന്വേഷിച്ച് ശക്തമായ നടപടിയെടുക്കുമെന്നും കെ.പി.മോഹനന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. വിദ്യാലയ പരിസരങ്ങളിലെ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയാൻ എക്സൈസ് പട്രോളിംഗ് ശക്തമാക്കി. നിരീക്ഷണത്തിന് ജനകീയ സമിതികളുമുണ്ട്.