വർക്കല: തീരദേശ ഹൈവേയുടെ പേരിൽ മൈതാനം മുതൽ ടെംപിൾ ജംഗ്ഷൻ വരെ ബീച്ച് റോഡിൽ സർവേ നടത്തുന്നതുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകൾ പരിഹരിക്കാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പദ്ധതി നേരിട്ടു ബാധിക്കുന്ന ഭൂവുടമകളുടെയും വ്യാപാരികളുടെയും യോഗം അടിയന്തരമായി വിളിച്ചു കൂട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ടൗൺ യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രൻ നായർ, ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, ട്രഷറർ വി.സുഗുണൻ എന്നിവർ ആവശ്യപ്പെട്ടു. കെട്ടിട ഉടമസ്ഥരുടെയും വ്യാപാരികളുടെയും അറിവില്ലാതെ പലയിടങ്ങളിലും സ്ഥലം ഏറ്റെടുക്കുന്നതിന്റെ പേരിൽ കുറ്റികൾ സ്ഥാപിച്ചു.
പല വ്യാപാര സ്ഥാപനങ്ങൾക്കുള്ളിലും കൂടാതെ ചില സ്ഥാപനങ്ങൾ പൂർണമായി പൊളിച്ചു മാറ്റേണ്ട വിധത്തിലുമാണ് കുറ്റികൾ സ്ഥാപിച്ചിരിക്കുന്നത്. സ്ഥലമേറ്റെടുപ്പിന്റെ വ്യക്തമായ വിവരങ്ങൾ തങ്ങൾക്ക് അറിയാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് വ്യാപാരികളുടെ പരാതി.