കാട്ടാക്കട: പൊലീസ് വിജിലൻസിന്റെ മിന്നൽ പരിശോധനയെ തുടർന്ന് കൂട്ട സ്ഥലമാറ്റവും സസ്‌പെൻഷനും കാരണം കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം താളം തെറ്റുന്നു. കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസിൽ സബ് രജിസ്ട്രാർ ഉൾപ്പെടെ 4ജീവനക്കാരുടെ കസേരകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
വിജിലൻസ് പരിശോധനയെത്തുടർന്ന് സബ് രജിസ്റ്റാർ ഉൾപ്പെടെ എട്ട് ജീവനക്കാരെ ഓഫീസിൽ നിന്നൊഴിവാക്കി. അതോടെയാണ് ഓഫീസ് പ്രവർത്തനം താറുമാറായത്. എന്നാൽ സബ് രജിസ്റ്റാർ,സീനിയർ ക്ലാർക്ക്, ഓഫീസ് അറ്റൻഡർ, പാർട്ട്ടൈം സ്വീപ്പർ ഉൾപ്പെടെ നാലുപേരുടെ കസേര ഒഴിഞ്ഞതോടെയാണ് ഓഫീസ് പ്രവർത്തനം താളംതെറ്റിത്തുടങ്ങിയത്.

ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ മറ്റ് സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് താത്കാലികമായി ജീവനക്കാരെ നിയോഗിച്ച് പ്രശ്നം പരിഹരിക്കാൻ അധികൃതർ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.
ആധാരങ്ങളുടെ രജിസ്ട്രേഷനുൾപ്പെടെ തകരാറിലായി. ദിവസവും ശരാശരി പതിനഞ്ചോളം ആധാരങ്ങളുടെ രജിസ്ട്രേഷൻ, ആധാരങ്ങളുടെ പകർപ്പ്,വിവാഹ രജിസ്ട്രേഷൻ എന്നിവയ്ക്കായി നിരവധി പേരാണ് കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്നത്. ആധാരം രജിസ്റ്റർ ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ആധാരങ്ങളുടെ പകർപ്പ് വില്ലേജുകളിൽ ഓൺലൈൻ വഴി ലഭിക്കാത്തതുകാരണം പോക്കുവരവ് നടപടികളും വൈകുന്നു.ഇത് ഭൂവുടമകൾക്ക് ഏറെ ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്.