പ്രചരിച്ച ഒഴിവുകൾ ഇല്ല, കത്തിലുള്ളതിനെക്കാൾ കുറവ് കത്ത് വ്യാജമെന്ന് സ്ഥാപിക്കാൻ പുതിയ ആയുധം
തിരുവനന്തപുരം: കത്ത് വിവാദം നിയമസഭയിലും ചർച്ചയാകുന്നതിനിടെ കത്ത് വ്യാജമെന്ന് സ്ഥാപിക്കാൻ പുതിയ ആയുധവുമായി നഗരസഭ ഭരണസമിതി. നഗരസഭ രേഖകളിലെ യഥാർത്ഥ ഒഴിവുകൾ, മേയറുടെ പേരിൽ പ്രചരിക്കുന്ന കത്തിലുള്ളതിനെക്കാൾ കുറവാണെന്നാണ് കണ്ടെത്തൽ. കത്തിൽ പറയുന്നതുപോലെ 295 ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല, ആ കണക്ക് നഗരസഭയിലെങ്ങും രേഖപ്പെടുത്തിയിട്ടുമില്ലെന്നും 260 ഒഴിവുകൾ മാത്രമാണുള്ളതെന്നുമാണ് നഗരസഭയുടെ പരിശോധനയിൽ കണ്ടെത്തിയത്. ഈ വൈരുദ്ധ്യമാണ് ഭരണസമിതി ആയുധമാക്കുക.
നഗരസഭയുടെ ഹെൽത്ത് സെന്ററിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിനാണ് കേന്ദ്ര അനുമതി ലഭിച്ചത്. ഒരു ഹെൽത്ത് സെന്ററിൽ 5 ഒഴിവുകൾ കണക്കാക്കി 42 സെന്ററിൽ 220 ഒഴിവുകളിൽ നിയമനം നടത്താനാണ് നഗരസഭയ്‌ക്ക് അനുമതി. താലൂക്ക് ആശുപത്രികളിലുള്ള 40 ഒഴിവുകൾ കൂടി ചേർത്ത് 260 ഒഴിവുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ നിർണായക വിവരം അന്വേഷണസംഘത്തിന് ഭരണസമിതി കൈമാറും.
കണ്ടെത്തൽ നഗരസഭയ്ക്ക് അനുകൂലം
നിലവിൽ കണ്ടെത്തിയ ഒഴിവുകളുടെ എണ്ണം കത്ത് വിവാദത്തിൽ നഗരസഭയ്ക്ക് അനുകൂലമാണ്. പ്രചരിക്കുന്ന കത്തിലെ ഒഴിവുകൾ വ്യാജമെന്ന് തെളിയിക്കാൻ ഈ വാദമാണ് നഗരസഭ മുന്നോട്ടു വയ്ക്കുക. പ്രചരിക്കുന്ന ഒഴിവുകൾ നഗരസഭയിലെ ഹെൽത്ത് വിഭാഗത്തിലോ മേയർ ഓഫീസിലെ രേഖകളിലോ ഇല്ല. അതുകൊണ്ടുതന്നെ കത്തുണ്ടാക്കാൻ വേണ്ടി ഒഴിവുകൾ ചേർത്തതെന്നാണ് നഗരസഭ വിലയിരുത്തുന്നത്. 300ലധികം ഒഴിവുകളുണ്ടെന്നാണ് നഗരസഭ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ നൽകിയ പരസ്യത്തിലുള്ളത്. 295 ഒഴിവുകൾ എങ്ങും രേഖപ്പെടുത്തിയിട്ടുമില്ല.
മൂന്ന് മൊഴിയെടുക്കൽ കൂടി
കത്ത് വിവാദത്തിൽ ആദ്യ ഘട്ടത്തിലെ മൊഴിയെടുപ്പ് പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. നഗരസഭ ഹെൽത്ത് വിഭാഗത്തിലെ രണ്ട് ജീവനക്കാരുടെയും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴിയാണ് അവസാനഘട്ടത്തിൽ രേഖപ്പെടുത്തുന്നത്. കത്ത് വിവാദത്തിൽ ഹൈക്കോടതിയുടെ തുടർനടപടി ഉത്തരവ് വന്നശേഷം മൂന്ന് പേരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ഹെൽത്ത് വിഭാഗത്തിൽ നിന്ന് ഹെൽത്ത് ഓഫീസറുടെയും ഒരു സീനിയർ ക്ളാർക്കിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഹെൽത്ത് വിഭാഗത്തിലെ ഒഴിവ് സംബന്ധിച്ച കാര്യങ്ങൾ കത്തിൽ പ്രചരിച്ച സാഹചര്യത്തിലാണ് ആ വിഭാഗത്തിലെ തന്നെ രണ്ട് പേരുടെ മൊഴി കൂടി രേഖപ്പെടുത്തുന്നത്.