ശിവഗിരി : 90-മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഇക്കൊല്ലത്തെ ദിവ്യജ്യോതി പ്രയാണം കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേത്രയോഗം ജനറൽ സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബു, ജോയിന്റ് സെക്രട്ടറി സജീവ് സുന്ദർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രയോഗം ഭരണസമിതിയംഗം എം.വി.ജഗന്നാഥൻ (ക്യാപ്ടൻ),കെ.ആർ.ജനീഷ് (ചെയർമാൻ) ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.പി.രാമനാഥൻ (ജനറൽ കൺവീനർ),ദിനേശൻ കളരിക്കണ്ടി (കോർഡിനേറ്റർ) എന്നിവരുൾപ്പെടുന്ന സ്വാഗതസംഘം നേതൃത്വം നൽകും. 26ന് തിരിച്ച് കോഴിക്കോട്,മലപ്പുറം,തൃശൂർ,എറണാകുളം,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലകളിലൂടെ പ്രയാണം നടത്തി 29ന് വൈകിട്ട് ശിവഗിരി മഹാസമാധിയിൽ വച്ച് ശിവഗിരി മഠം ഭാരവാഹികൾക്ക് ജ്യോതി കൈമാറും. ജ്യോതി കടന്നുപോകുന്ന മേഖലകളിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളും പൊതുസമൂഹവും വരവേല്പ് നൽകി സഹകരിക്കണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,തീർത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ അറിയിച്ചു.