തിരുവനന്തപുരം: ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55കാരനെ കോടതി ആറുവർഷം കഠിന തടവിനും 30,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒന്നരവർഷം അധിക തടവ് അനുഭവിക്കണം. തിരുവനന്തപുരം പ്രത്യേക പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.
പെൺകുട്ടിയുടെ വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് കാഞ്ഞിരംകുളം ലൂർദ്ദിപുരം ചാണിവിള സ്വദേശി കാർലോസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. നിലവിളിച്ച് ഓടിയ പെൺകുട്ടിയെ വീട്ടിലുണ്ടായിരുന്ന അമ്മൂമ്മയാണ് രക്ഷിച്ചത്. 2021 ആഗസ്റ്റ് 30നായിരുന്നു സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ കാഞ്ഞിരംകുളം പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.