തിരുവനന്തപുരം: പൈതൃക ടൂറിസത്തിന്റെയും പാരമ്പര്യ സംരക്ഷണത്തിന്റെയും തിരുവനന്തപുരം മാതൃക പിന്തുടരാൻ റഷ്യയുടെ ഇരട്ട നഗരം പദ്ധതി. ആരോഗ്യമേഖലയിലും മാലിന്യ സംസ്‌കരണത്തിലും പൈതൃക സംരക്ഷണത്തിലും ടൂറിസം വികസനത്തിലും ഇരുനഗരങ്ങളുടെയും സാദ്ധ്യതകൾ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
റഷ്യയിലെ നൊവ്ഗരൊദ് നഗരസഭയും തിരുവനന്തപുരം കോർപ്പറേഷനും തമ്മിലുള്ള സഹകരണ പദ്ധതികളെക്കുറിച്ച് ആലോചിക്കാനുള്ള പ്രാഥമിക യോഗം ചേർന്നു. ചർച്ചകൾക്കും അംഗീകാരത്തിനുമായി വിഷയം കൗൺസിലിൽ അവതരിപ്പിക്കും. അംഗീകാരം ലഭിച്ചശേഷം സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കും. നൊവ്ഗരൊദ് സിറ്റി മേയർ അലക്‌സാണ്ടർ റൊസ്‌ബോം, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ യൂറി ബൊറോവികോവ്, ഡെപ്യൂട്ടി ചെയർമാൻ മലേകോല്യ സെർഗിവിച്ച്, മേയർ ആര്യാ രാജേന്ദ്രൻ, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കൗൺസിലർ അംശു വാമദേവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. റഷ്യൻ കോൺസലേറ്റിന്റെ ആഭിമുഖ്യത്തിലാണ് ചർച്ച സംഘടിപ്പിച്ചത്.