pallikkunnu
ജി.എച്ച്.എസ്.എസ് പള്ളിക്കുന്ന്

കണ്ണൂർ: കോരന്റെ സ്കൂളായി അധ്യയനം തുടങ്ങിയ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷ നിറവിൽ. രണ്ട് വർഷം മുന്നേ നൂറ് തികഞ്ഞെങ്കിലും കൊവിഡ് വില്ലനായി വന്നതുകൊണ്ട് ആഘോഷങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല. കൊവിഡ് പ്രതിസന്ധികളിൽ നിന്ന് നാട് കരകയറിയ സാഹചര്യത്തിൽ ‘സ്മൃതിശതകം’ എന്ന് പേരിൽ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ജി.എച്ച്.എസ്.എസ് പള്ളിക്കുന്ന് എന്ന് ഇന്നറിയപ്പെടുന്ന കോരന്റെ സ്കൂൾ.

പള്ളിക്കുന്നിലെ ദേവിവിലാസം സ്കൂളും, പുല്ലൂരാൻ ഗുരുക്കളുടെ സ്കൂളും പള്ളിക്കുന്നിലെ പഴമക്കാരുടെ ഓർമ്മയിലാണ്. പക്ഷേ കോരന്റെ സ്കൂളിനെ ഓർമ്മകൾക്ക് വിട്ടുകൊടുക്കാൻ ആരും തയ്യാറായിരുന്നില്ല. 1920ൽ, ഇപ്പോൾ സ്കൂൾ നിലനിൽക്കുന്നതിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു സ്കൂളിന്റെ പ്രവർത്തനം. കോരൻ എന്ന വ്യക്തിയുടെ ഷെഡ്ഡിൽ കുറേക്കാലം പ്രവർത്തിച്ചതിനാലാണ് വിദ്യാലയത്തിന് കോരന്റെ സ്കൂൾ എന്ന പേര് വന്നത്. എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ച് പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായപ്പോൾ 'ബോർഡ് സ്കൂൾ' എന്നറിയപ്പെട്ടു. ആ സമയത്താണ് സ്കൂളിനെ സർക്കാർ ഏറ്റെടുത്തത്. അങ്ങനെ പള്ളിക്കുന്ന് ഗവ. യു.പി. സ്കൂളായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ 1979-ലാണ് ഹൈസ്കൂളായത്. 1997ൽ ഹയർ സെക്കന്ററിക്കും അംഗീകാരം കിട്ടി.

പരിമിതികളിൽ വീർപ്പുമുട്ടി

കേവലം74 സെന്റിൽ പ്രവർത്തിക്കുന്ന സ്കൂൾ വലിയ സ്ഥലപരിമിതി നേരിടുന്നു. മുൻപ് ഹൈവെ റോഡിന് എതിർവശത്തുള്ള വുമൻസ് കോളേജിന്റെ സ്ഥലം സ്കൂളിന് ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടായെങ്കിലും ഫലവത്തായില്ല. അതോടെ പഴയ ഓടുമേഞ്ഞ കെട്ടിടങ്ങൾ മാറ്റി ആ സ്ഥാനത്ത് ഇരുനില കെട്ടിടങ്ങൾ നിർമിക്കുകയായിരുന്നു. 1200 ഓളം വിദ്യാർത്ഥികളാണ് ഇന്നിവിടെ പഠിക്കുന്നത്.

വിപുലമായ ആഘോഷ പരിപാടികൾ

10-ന് വൈകീട്ട് 3.30-ന് വിളംബരയാത്ര കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം സ്കൂളിൽ 11-ന് രാവിലെ 10ന് മേയർ ടി.ഒ. മോഹനൻ നിർവഹിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും. തുടർന്ന് പൂർവാദ്ധ്യാപക-അനദ്ധ്യാപക സംഗമവും വയലിൻ ഫ്യൂഷനും നടക്കും. 30-ന് ജില്ലാതല പ്രതിഭാസംഗമം, ജനുവരി 5,6 തീയതികളിൽ പരിയാരം മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെഡിക്കൽ എക്സ്പോ, 7ന് വിദ്യാഭ്യാസ സെമിനാർ, 14-ന് പൂർവ്വവിദ്യാർത്ഥി സംഗമം, 28-ന് സ്മരണിക പ്രകാശനം, ജാസി ഗിഫ്‌റ്റ് നയിക്കുന്ന സ്റ്റേജ് ഷോ തുടങ്ങിയവയും നടക്കും.