
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിച്ചതിനു പിന്നാലെ കേന്ദ്രസർക്കാർ വിഹിതമായ 816 കോടി രൂപ വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് നൽകുന്നത് വേഗത്തിലാക്കാൻ സംസ്ഥാനം നടപടി തുടങ്ങി. നിർമ്മാണഘട്ടത്തിൽ 408 കോടിയും പദ്ധതി കമ്മിഷൻ ചെയ്‌തശേഷം ബാക്കിത്തുകയും കേന്ദ്രം നൽകണമെന്നാണ് കരാർ. പണം കൈമാറുന്നതിനുള്ള ധാരണാപത്രം അദാനി ഗ്രൂപ്പുമായി ഒപ്പുവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം ഉടൻ കേന്ദ്രത്തിനു കത്തയയ്‌ക്കും. കേന്ദ്രവിഹിതത്തിനു പിന്നാലെ സംസ്ഥാനവിഹിതമായ 812 കോടി രൂപ നൽകാമെന്നാണ് ഇന്നലെ നടന്ന ചർച്ചയിൽ സംസ്ഥാനം അദാനി ഗ്രൂപ്പ് പ്രതിനിധികളെ അറിയിച്ചത്. തുറമുഖ വകുപ്പ് സെക്രട്ടറി കെ.ബിജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഉദ്യോഗസ്ഥരും അദാനി ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു. നിർമ്മാണം വേഗത്തിലാക്കാൻ എന്തു സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും സംസ്ഥാനം ഉറപ്പ് നൽകി.
മൂന്നരമാസത്തോളം നീണ്ട സമരകോലാഹലത്തിനൊടുവിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിച്ചത്. കൊല്ലം കുമ്മിളിലെ ക്വാറിയിൽ നിന്ന് 20 ലോറികളിലായി പുലിമുട്ട് നിർമ്മാണത്തിനായുള്ള കല്ലുകളെത്തി. മുതലപ്പൊഴിയിൽ നിന്ന് ട്രഡ്‌ജറുകൾ വിഴിഞ്ഞത്ത് എത്തിച്ചതിനു പിന്നാലെ രാത്രി 10 മണിയോടെ കല്ലുകൾ കടലിൽ നിക്ഷേപിച്ചു. കടൽ നികത്തിയെടുക്കുന്നതിന്റെ 60 ശതമാനവും പൂർത്തിയായി. 1.7 കിലോമീറ്റർ അപ്രോച്ച് റോഡിൽ 600 മീറ്റർ മാത്രമാണ് ഇതുവരെ നിർമ്മിച്ചത്. ഇന്നുമുതൽ കൂടുതൽ ലോറികൾ കല്ലുകളുമായി പദ്ധതി പ്രദേശത്തേക്കെത്തും.
സംഭരിച്ചതിനെക്കാൾ കരിങ്കല്ല് ഇനിയും വേണം
ആവശ്യമുള്ളത്: 87ലക്ഷം ടൺ
സംഭരിച്ചത്: 40.23 ലക്ഷം ടൺ
നിർമ്മാണം പൂർത്തിയാക്കാൻ ഇനി വേണ്ടത്: 46.77 ലക്ഷം ടൺ (54 ശതമാനം)
തിരുവനന്തപുരത്തു നിന്ന് സംഭരിച്ചത്: 18.75 ലക്ഷം ടൺ
കല്ലെത്തുന്ന വഴി
ഇപ്പോൾ കല്ല് ലഭിക്കുന്ന ക്വാറികൾ 2
5 ക്വാറികൾക്കു കൂടി പാരിസ്ഥിതിക അനുമതി നൽകി
3 ക്വാറികൾക്ക് അനുമതി നൽകുന്നത് പരിഗണനയിൽ
പുറമ്പോക്കിൽ 8 ക്വാറികൾക്ക് അദാനി ഗ്രൂപ്പിന് അനുമതി