night-tourism

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനുള്ള നൈറ്റ് ലൈഫ് ടൂറിസം പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തെ കനകക്കുന്നിലാണ് തുടങ്ങുന്നത്. ഇതിന് 2.63 കോടിയുടെ ഭരണാനുമതിയായി.

സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം ഉറപ്പാക്കും. വനിതകൾ നടത്തുന്ന ഹോംസ്റ്റേകൾ,​ ഹോട്ടലുകൾ എന്നിവ 2023 ഓടെ സാദ്ധ്യമാക്കും. വനിതകൾക്ക് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകളിൽ മുറി അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നത് ആലോചനയിലാണ്.


ബീച്ച് ടൂറിസത്തെ മികച്ചതാക്കാൻ കോഴിക്കോട് ബേപ്പൂരിൽ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് എട്ടു ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ബീച്ചുകളിലും സ്ഥാപിക്കും. ബീച്ചുകളിൽ അഡ്വഞ്ചർ ടൂറിസവും ഉൾപ്പെടുത്തും. ടൂറിസം മേഖലകളിൽ നല്ല ടോയ്ലറ്റുകൾ ഇല്ലാത്തത് പരാതികൾക്ക് ഇടവരുത്തുന്നുണ്ട്. അത് പരിഹരിക്കാൻ ഡി.ടി.പി.സി, തദ്ദേശ ഭരണ വകുപ്പ്, മറ്റു ഏജൻസികൾ എന്നിവയുമായി ചേർന്ന് നടപടി സ്വീകരിക്കും.

 യു.കെയിൽ നിന്ന്

ഇ വിസയ്ക്ക് അനുമതി

യു.കെയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇ വിസയ്ക്ക് കേന്ദ്രം അനുമതി നൽകിയെന്ന് മന്ത്രി അറിയിച്ചു. വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വിവിധ രാജ്യങ്ങളിൽ ടൂറിസം ക്ലബുകളുടെ രൂപീകരണം പുരോഗമിക്കുകയാണ്. യുവാക്കളെ ഉൾപ്പെടുത്തി ലണ്ടനിൽ ക്ലബ് രൂപീകരിച്ചു.