തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ (ആർ.സി.സി) താത്കാലിക തസ്‌തികകളിലേക്കുള്ള അനധികൃത സി.പി.എം നിയമനങ്ങൾ സംബന്ധിച്ച വാർത്ത കേരളകൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾക്ക് നൽകിയെന്ന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് യൂണിയൻ നേതാവിന് സസ്‌പെൻഷൻ. ഡ്രൈവറും ആർ.സി.സി സ്റ്റാഫ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ആർ.മനുവിനെയാണ് ആറ് മാസത്തേക്ക് ഡയറക്‌ടർ രേഖ എ.നായർ സസ്‌പെൻഡ് ചെയ്‌തത്.ഡയറക്‌ടർ സി.പി.എം യൂണിയനുമായി ചേർന്ന് തങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് സി.ശ്രീകുമാറും സെക്രട്ടറി എബിൻ ഐസക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പരാതി നൽകി. 25 വർഷത്തിന് ശേഷം ആർ.സി.സി എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണം സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് യൂണിയൻ പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അനധികൃത നിയമനങ്ങൾ ഒന്നൊന്നായി പുറത്തുവന്നത്.നഗരസഭാ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിലിന്റെ നേതൃത്വത്തിലായിരുന്നു താത്കാലിക നിയമനങ്ങൾ നടത്തിയിരുന്നതെന്നും ആരോപണമുണ്ടായിരുന്നു.സസ്‌പെൻഷൻ ശരിവച്ച ആർ.സി.സി ഡയറക്‌ടർ കാരണം വ്യക്തമാക്കാൻ തയ്യാറായില്ല. ആർ.സി.സി എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിൽ വൈകിട്ട് അഞ്ചരയ്‌ക്ക് ശേഷം യൂണിയൻ നേതാക്കൾ ഇരിക്കരുതെന്ന ഡയറക്‌ടറുടെ ഉത്തരവും വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.ഡ്യൂട്ടി സമയത്തിനുശേഷം തങ്ങൾ യൂണിയൻ പ്രവർത്തനങ്ങൾ നടത്തുന്നത് ആ സമയത്താണെന്നും അത് തകർക്കാനാണ് ഉത്തരവെന്നുമാണ് തൊഴിലാളി നേതാക്കളുടെ ആരോപണം.