തിരുവനന്തപുരം: ഇടതുപക്ഷ ഭരണം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തെ തകർക്കുകയാണെന്നും ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സർവകലാശാലാ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതുകൊണ്ടാണ് ഇന്ന് സാധാരണക്കാരായ ചെറുപ്പക്കാർക്ക് സർവകലാശാലകളിൽ നിയമനം ലഭിക്കുന്നത്. സി.പി.എം നേതാക്കളുടെ ഭാര്യമാരെയും മക്കളെയും പിൻവാതിൽ വഴി കയറ്റുന്നതാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, 11 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, സർവകലാശാല അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, സർവകലാശാലകളുടെ നോൺ പ്ലാൻ ഗ്രാന്റ് വർദ്ധിപ്പിക്കുക, താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച്. ധർണ കേരള യൂണിവേഴ്സിറ്റി കാമ്പസിൽ ടി. സിദ്ദിഖ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്‌തു. എം. വിൻസെന്റ് എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ, സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ, സെറ്റോ കൺവീനർ സി. പ്രദീപ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ. അരുൺകുമാർ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ്, എഫ്.യു.ഇ.ഒ പ്രസിഡന്റ് കെ. പ്രവീൺകുമാർ, ട്രഷറർ ജയൻ ചാലിൽ, കൺവീനർ ഒ.ടി. പ്രകാശ്, ജനറൽ സെക്രട്ടറിമാരായ എസ്. ഗിരീഷ്, എം.ജി. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.