തിരുവനന്തപുരം: കിടപ്പ്‌രോഗികളായ നിരാലംബർക്ക് പ്രതിമാസ പെൻഷൻ പദ്ധതി ആവിഷ്‌ക്കരിച്ച് ദക്ഷിണ കേരള സി.എസ്.ഐ മഹായിടവക. കുടുംബത്തിന് അത്താണിയായിരുന്നവർ അപകടമോ മറ്റു രോഗങ്ങളോ കൊണ്ട് കിടപ്പ്‌രോഗികളായി ജീവിതം വഴിമുട്ടിയ മഹായിടവകാംഗങ്ങളായവർക്കായാണ് 'ആർദ്രം' പെൻഷൻ പദ്ധതി.
പാസ്റ്ററി ബോർഡ് സെക്രട്ടറി ജയരാജിന്റെ അദ്ധ്യക്ഷതയിൽ എൽ.എം.എസ് കോമ്പൗണ്ടിൽ എം.എം.സി.എസ്.ഐ കത്തീഡ്രലിൽ നടന്ന വാർഷിക സമ്മേളനത്തിൽ പെൻഷൻ ഗുണഭോക്താക്കളുടെ ആശ്രിതർക്ക് വിതരണം ചെയ്തു. 'വിശക്കുന്നവന് അന്നം' എന്ന പേരിൽ ഭക്ഷ്യ കിറ്റ് വിതരണം,സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 'നിറവ്' വിദ്യാഭ്യാസ സഹായ പദ്ധതി,നിരാലംബരായവർക്ക് വീട് വച്ചുനൽകുന്ന 'തണൽ', മിഷണറിമാർക്കുള്ള 'ജീവൻരക്ഷ' പദ്ധതി,കിടപ്പ്‌രോഗികൾക്ക് സൗജന്യമായി മരുന്നും ചികിത്സയും നൽകുന്ന 'പാലിയേറ്റീവ് കെയർ', നിർദ്ധന യുവതികൾക്ക് മംഗല്യ' വിവാഹപദ്ധതി തുടങ്ങിയവയ്ക്ക് പുറമെയാണിത്. 4 വീടുകളാണ് തണൽ പദ്ധതി വഴി നൽകിയതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ഡോ.ടി.ടി.പ്രവീൺ അറിയിച്ചു.