
തിരുവനന്തപുരം: തോപ്പിൽ ഭാസിയുടെ നാടകങ്ങൾ കേരളത്തിൽ സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിച്ചുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തോപ്പിൽഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ തോപ്പിൽഭാസി അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോപ്പിൽഭാസി തുടങ്ങിവച്ച അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർഗീയതയ്ക്കുമെതിരായ നാടകങ്ങളാണ് കെ.പി.എ.സി ഇപ്പോഴും അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോപ്പിൽഭാസി പുരസ്‌കാരം മലയാള മനോരമ സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർക്ക് അദ്ദേഹം നൽകി. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, പി.സി.വിഷ്ണുനാഥ്, പ്രമോദ് നാരായണൻ, പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഫൗണ്ടേഷൻ സെക്രട്ടറി വള്ളിക്കാവ് മോഹൻദാസ് എന്നിവർ സംസാരിച്ചു.