
മലയിൻകീഴ്: ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലെയും 4 മുനിസിപ്പാലിറ്റികളിലെയും തിരുവനന്തപുരം കോർപ്പറേഷനിലെയും മത്സരാർത്ഥികളായ യുവതി-യുവാക്കൾ മാറ്റുരയ്ക്കുന്ന വാശിയേറിയ കലാ-കായിക മത്സരങ്ങൾക്ക് തിരിതെളിഞ്ഞു. ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായിട്ടാണ് ജില്ലാതല കേരളോത്സവം സംഘടിപ്പിക്കുന്നത്.11ന് കലാ-കായികമൽസരങ്ങൾ സമാപിക്കും.ഇന്നലെ രാവിലെ വെള്ളയാണി കാർഷിക കോളേജ് ഗ്രൗണ്ടിൽ എം.വിൻസന്റ്.എം.എൽ.എ.കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.ആദ്യ കിക്ക് ഒഫ് എം.എൽ.എ നടത്തിയാണ് ഫുട്ബാൾ മത്സരങ്ങൾക്ക് തുടക്കമിട്ടത്.വെള്ളയാണി കാർഷിക ഗ്രൗണ്ടിൽ(വേദി-1) ബാസ്കറ്റ് ബോൾ,ഫുഡ്ബാൾ,വോളിബാൾ എന്നിവയും കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ(വേദി-2)ക്രിക്കറ്റ്,ആർച്ചറി,കളരിപ്പയറ്റും,മാറനല്ലൂർ കണ്ടല സ്റ്റേഡിയത്തിൽ(വേദ്-3)കബഡി,ഷട്ടിൽ,ബാഡ്മിന്റൺ,പൂങ്കോട് രാജീവ്ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂൾ(മുടവൂർപ്പാറ)(വേദി-4)ൽ സ്വിമ്മിംഗ്,ചെസ്,പഞ്ചഗുസ്തി എന്നിവ നടന്നു.വാശിയേറിയ മത്സരമായിരുന്നു വേദികളിലെല്ലാം.ലഹരിവിരുദ്ധ ബോധവത്കരണ കൂട്ടയോട്ടം തച്ചോട്ടുകാവ് ജംഗ്ഷനിൽ നിന്ന് മലയിൻകീഴ് വരെ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ കൂട്ടയോട്ടം ഫ്ലാഗ് ഒഫ് ചെയ്തു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിളപ്പിൽ രാധാകൃഷ്ണൻ,എം.ജലീൽ എന്നിവർ നേതൃത്വം നൽകി.നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ ഫോക്ക് മെഗാഷോയുമുണ്ടായിരുന്നു. ഇന്ന് രാവിലെ 9 ന് മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മലയിൻകീഴ് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിവിധ വേദികളിൽ കലാമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽനിർവഹിക്കും.ഐ.ബി.സതീഷ്.എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും.ത്രിതല ജനപ്രതിനിധികൾ പങ്കെടുക്കും.