p

തിരുവനന്തപുരം: കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിത വിഭവങ്ങളാക്കി കർഷകന് ഇരട്ടിലാഭം ലഭ്യമാക്കാൻ തയാറാക്കിയ പദ്ധതിക്ക് ലോകബാങ്കിന്റെ 2,109 കോടി രൂപ സാമ്പത്തിക സഹായ വാഗ്ദാനം.മുഖ്യമന്ത്രി ചെയർമാനായി രൂപം നൽകിയ വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷനുള്ള (വാം) ലോകബാങ്ക് വായ്പ 2023ൽ ലഭിക്കും. പ്രാരംഭ ചർച്ചകൾക്കായി എത്തിയ ലോകബാങ്ക് പ്രതിനിധി സംഘം കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു .ഏതൊക്കെ മേഖലയിലാണ് പണം വിനിയോഗിക്കുകയെന്നും അഞ്ചുവർഷത്തിനിടെ ഉണ്ടാകുന്ന നേട്ടങ്ങളെന്താകും എന്നതിനെക്കുറിച്ചും പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്ന നടപടി പുരോഗമിക്കുകയാണ്. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും വായ്‌പ അനുവദിക്കുക.

കൃഷിവകുപ്പിനൊപ്പം ക്ഷീരവികസന,തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ഏകോപനത്തോടുകൂടി കാർഷിക ഉത്പാദനം കൂട്ടുകയും വിവിധങ്ങളായ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ യൂണിറ്റുകൾ രൂപീകരിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി ചെയർപേഴ്സൺ

മുഖ്യമന്ത്രി ചെയർപേഴ്സണായും കൃഷി,വ്യവസായ മന്ത്രിമാർ വൈസ് ചെയർപേഴ്സൺമാരായും കാർഷികോല്പാദന കമ്മിഷണർ കൺവീനറുമായാണ് മിഷൻ രൂപീകരിച്ചിട്ടുള്ളത്. തദ്ദേശ,ധനകാര്യ,ജലവിഭവ,മൃഗസംരക്ഷണ,ഭക്ഷ്യ,സഹകരണ,വൈദ്യുതി മന്ത്രിമാർ അംഗങ്ങളാണ്.

കാർഷിക വിളകൾ ഇവ

അരി,വാഴപ്പഴം,നാളികേരം,കശുവണ്ടി,കാപ്പി,തേയില,മുരിങ്ങ,ചക്ക,മാങ്ങ,കുമിൾ,ചെറുധാന്യങ്ങൾ,നെല്ല്,സുഗന്ധവ്യഞ്ജനങ്ങൾ,കരിമ്പ്,ഔഷധസസ്യങ്ങൾ,റബർ,കിഴങ്ങുവർഗവിളകൾ,വെറ്റില,മരച്ചീനി,ഔഷധ സസ്യങ്ങൾ എന്നിവയിൽ നിന്നുമാണ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്.

കൃഷി വകുപ്പ് പോരാ

കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനായി കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് പ്രഖ്യാപിച്ച കാബ്‌കോ (കേരള അഗ്രി ബിസിനസ് കമ്പനി)യുടെ പ്രവർത്തനം തുടങ്ങാൻ ഇതുവരെ കൃഷിവകുപ്പിന് കഴിഞ്ഞിട്ടില്ല. രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച കർഷക ക്ഷേമനിധിയിൽ കർഷകരെ ചേർക്കുന്നതിനും ഇടപെടൽ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വാം പദ്ധതി പ്രഖ്യാപിച്ചത്. ഉത്തരവിറങ്ങി മാസങ്ങൾക്കകം ലോകബാങ്ക് പ്രതിനിധികൾ സംസ്ഥാനത്തെത്തുകയും ചെയ്‌തു. ആറു മാസത്തിനകം പദ്ധതി തുടങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്.