
തിരുവനന്തപുരം:ആർ.സി.സിയിലെ അയഡിൻ തെറാപ്പി സാങ്കേതിക കാരണങ്ങളാൽ നിറുത്തിവച്ചതോടെ തൈറോയ്ഡ് കാൻസർ ബാധിച്ച രോഗികൾ ഇതിനായി ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ട ഗതികേടിലായി. അതിനായി മുഴുവൻ രോഗികളും കോഴിക്കോട് മെഡിക്കൽ കാേളേജ് ആശുപത്രിയിൽ എത്തുകയും വേണം. അവിടെയാകട്ടെ 1025 പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. ഒരേസമയം രണ്ടുപേരെയാണ് ചികിത്സിക്കാൻ കഴിയുന്നത്. ഒരാഴ്ചവരെ ചികിത്സയ്ക്കുവേണ്ടി വരും. നിർമ്മാണം തുടങ്ങിയ 14നില കെട്ടിടം പൂർത്തിയാകുന്നതുവരെ ആർ.സി.സിയിൽ ഈ ചികിത്സ നടത്താനാവാത്ത സാഹചര്യമാണ്. നിലവിലെ ചില സംവിധാനങ്ങൾ നിലനിറുത്തിയരുന്ന ഭാഗത്ത്നിർമ്മാണ പ്രവൃത്തികൾ നടത്തേണ്ടിവന്നതാണ് കാരണം.
ആർ.സി.സിയിൽ ഒരു മാസത്തിനുള്ളിൽ നൽകി വന്ന ചികിത്സയാണ് കോഴിക്കോട്ട് ഒരു വർഷം കഴിഞ്ഞ് ചെയ്യാമെന്ന് അധികൃതർ പറയുന്നത്. സംസ്ഥാനത്തെ മറ്റൊരു സർക്കാർ മെഡിക്കൽ കാേളേജിലും ഇതിനുള്ള സംവിധാനം ഇല്ലാത്തതാണ് സ്ഥിതി ഇത്രയും പരിതാപകരമാക്കിയത്. ഏറ്റവും കൂടുതൽ ചികിത്സാ സംവിധാനങ്ങളുള്ള തിരുവനന്തപുരം മെഡിക്കൽ കാേളേജിൽ കാൽ നൂറ്റാണ്ടായി ന്യൂക്ളിയർ മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും അയഡിൻ തെറാപ്പിക്കുള്ള സംവിധാനം ഇല്ല. മറ്റു സർക്കാർ മെഡിക്കൽ കോളേജുകളിൽ ന്യൂക്ളിയർ മെഡിസിൻ വിഭാഗംപോലുമില്ല.
സംസ്ഥാനത്ത് ഓരോ വർഷവും 1600 പേർക്കുവരെ തൈറോയ്ഡ് കാൻസർ സ്ഥിരീകരിക്കുന്നുണ്ട്. ചില വൻകിട സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കാേളേജിനടുത്തുള്ള ഒരു ഡയഗണോസ്റ്റിക് സെന്ററിലും ഈ ചികിത്സ ലഭ്യമാണെങ്കിലും വൻ തുകയാണ് ഈടാക്കുന്നത്. താല്ക്കാലിക പരിഹാരമെന്ന നിലയിൽ പ്രത്യേക ഇൻഷ്വറൻസ് പദ്ധതിയിലൂടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുള്ള സാമ്പത്തിക സഹായം സർക്കാർ നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ചികിത്സാ ചെലവ്:
Rs.35,000
സർക്കാർ ആശുപത്രിയിൽ
Rs. 1.5 ലക്ഷം
സ്വകാര്യ ആശുപത്രിയിൽ
പ്രത്യേക മുറിയിൽ ചികിത്സ
തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തശേഷം ശരീരത്തിൽ അവശേഷിക്കുന്ന
കാൻസർ കോശങ്ങളെ നശിപ്പിക്കാൻ റേഡിയോ
ആക്ടീവായ അയഡിൻ ഗുളികയോ മരുന്നോ നൽകുന്നതാണ് ചികിത്സ.
മരുന്നിൽ നിന്നുള്ള ബീറ്റ വികിരണ രശ്മികൾ തൈറോയ്ഡ് കലകളെ നശിപ്പിക്കും. രോഗിയിൽ നിന്നുള്ള വികിരണ രശ്മികളുടെ പ്രഭാവം കുറഞ്ഞ ശേഷമേ ഡിസ്ചാർജ് ചെയ്യൂ. അതുവരെ രോഗികളെ മറ്റുള്ളവരുമായി സമ്പർക്കമില്ലാത്ത പ്രത്യേക മുറയിൽ പാർപ്പിക്കും.
ആർ.സി.സിയിലെ
അയഡിൻ തെറാപ്പി
(രോഗികളുടെ എണ്ണം)
2016- 2017........591
2017-2018.........578
2018-2019........ 596
2019-2020.........680
2020-2021 .......380
(കൊവിഡ് കാലം)
''മെഡി. കോളേജുകളിൽ ഉൾപ്പെടെ ന്യൂക്ലിയർ മെഡിസിൻ വിഭാഗവും അയഡിൻ തെറാപ്പിയും ഒരുക്കണം.
-ഡോ.എം.വി.പിള്ള,
കാൻസർ രോഗവിദഗ്ദ്ധൻ