
കാട്ടാക്കട: കാട്ടാക്കടയിൽ റോഡ് വികസനത്തിനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ അശാസ്ത്രീയ ഓട നിർമ്മാണവുമായി പി.ഡബ്ല്യു.ഡി. കാട്ടാക്കട ടൗൺ - റോഡ് വികസനം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴാണ്, പി.ഡബ്ല്യു.ഡി ലക്ഷങ്ങൾ മുടക്കി ഓട നിർമ്മാണവുമായി മുന്നോട്ടുപോകുന്നത്. കാട്ടാക്കട - തിരുവനന്തപുരം റോഡിൽ പെട്രോൾ പമ്പ് ജംഗ്ഷൻ മുതൽ എട്ടിരുത്തിവരെയുള്ള ഭാഗത്ത് മൂന്നിടങ്ങളിലായാണ് ഇപ്പോൾ ഓടകൾ നിർമ്മിക്കുന്നത്. ഓട നിർമ്മിക്കുന്നിടത്ത് നിന്നും മൂന്ന് മീറ്ററിലേറെ ഭൂമി റോഡ് വികസനത്തിനായി ഏറ്റെടുത്ത് അവിടെ കല്ല് സ്ഥാപിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് നിലവിലുള്ള ഓട മാറ്റി പുതിയ ഓട നിർമ്മിക്കുന്നത്. റോഡിന്റെ വശങ്ങളിലുള്ള ഇലക്ട്രിക് പോസ്റ്റ്, ടെലിഫോൺ കേബിൾ എന്നിവയ്ക്ക് തടസം സൃഷ്ടിക്കും വിധത്തിൽ ഓട മുറിച്ച് പണി നടത്തിയതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയെങ്കിലും ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ എസ്റ്റിമേറ്റിൽ തുക വക കൊള്ളിച്ചില്ലെന്നാണ് കരാറുകാരൻ മറുപടി നൽകിയത്. പുതിയ വികസനം വരുന്നതിന് മുൻപേ ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ മറച്ചുവച്ചാണ് ഇപ്പോഴത്തെ അശാസ്ത്രീയമായ ഓട നിർമ്മാണം നടത്തുന്നത്.
വികസനം സാദ്ധ്യമാകുമ്പോൾ
റോഡ് വികസനം സാദ്ധ്യമാകുമ്പോൾ ഓരോ സ്ഥലങ്ങളിലും മൂന്നരമീറ്ററെങ്കിലും മാറിയേ പുതിയ ഓടകൾ സ്ഥാപിക്കാൻ കഴിയൂ. അതോടെ ഇപ്പോൾ ചെലവഴിക്കുന്ന ലക്ഷങ്ങൾ വെള്ളത്തിലാകും. മാത്രവുമല്ല റോഡരികിലെ വാണിജ്യ സമുച്ചയങ്ങളിൽ നിന്നും വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ നിന്നും സെപ്ടിക് മാലിന്യങ്ങൾ ഉൾപ്പെടെ റോഡരികിലെ പി.ഡബ്ല്യു.ഡി ഓടകളിലേക്ക് ഒഴുക്കിവിടുന്ന പൈപ്പുകൾ കണ്ടെത്തിയിട്ടും അധികൃതർ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പോലും തയാറാകുന്നില്ല.
മലിനജലം നിറയുന്നു
മഴ വെള്ളം ഒഴുകിപോകുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം റോഡിൽ പെട്രോൾ പമ്പ് ജംഗ്ഷൻ മുതൽ എട്ടിരുത്തിവരെയുള്ള ഭാഗത്ത് പി.ഡബ്ല്യു.ഡി ഓട നിർമ്മിക്കുന്നത്. പലയിടങ്ങളിൽ നിന്നുമായി നിരവധി പൈപ്പുകളാണ് ഓടയിലേക്ക് സ്ഥാപിച്ചിരിക്കുന്നത്. റോഡരികിലെ കെട്ടിടങ്ങളിൽ നിന്നും പുറന്തള്ളുന്ന സെപ്ടിക് മാലിന്യം ഉൾപ്പെടെ ഇത്തരത്തിൽ കുളത്തുമ്മൽ തോട്ടിലേക്ക് എത്തിച്ചേരുന്നു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ തെളിനീരൊഴുകും കുളത്തുമ്മൽ തോട് എന്ന പ്രഖ്യാപനമാണ് ഇതോടെ ഇല്ലാതാകുന്നത്. കാട്ടാക്കട - മാറനല്ലൂർ - നെയ്യാറ്റിൻകര മേഖലകളിൽ കുടിവെള്ളം എത്തിക്കുന്ന നിരവധി പ്രോജക്ടുകളാണ് നെയ്യാറിന്റെ തീരങ്ങളിലുള്ളത്. ഇതിലെല്ലാം മലിനജലം നിറയുന്നതോടെ ഇതുതന്നെ കുടിവെള്ളമായി എത്തിക്കേണ്ടിയും വരുന്നുണ്ട്.