
നാഗർകോവിൽ: കാർത്തിക മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വേളിമല കുമാരസ്വാമിക്ക് അഭിഷേകദ്രവ്യങ്ങളുമായി നേർച്ചക്കാവടികളെത്തിയതോടെ തക്കലയും പരിസരവും ഭക്തിസാന്ദ്രമായി.
ഇന്നലെ രാവിലെ മുതൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പറവക്കാവടി, പുഷ്‌പക്കാവടി, സൂര്യക്കാവടി, സർപ്പക്കാവടി, മയിൽക്കാവടി, വേൽക്കാവടി തുടങ്ങിയവയെത്തിയാണ് അഭിഷേകം നടത്തിയത്. ഉച്ചയോടെ പൊലീസ്, പൊതുമരാമത്ത് വകുപ്പുകളുടെ കാവടികളെത്തിയതോടെ ആരംഭിച്ച അഭിഷേക ചടങ്ങുകൾ വൈകിട്ടുവരെ തുടർന്നു.
കാവടിയുമായി പൊലീസുകാരും
പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും
തിരുവിതാംകൂർ രാജഭരണകാലം മുതലുള്ള ആചാരങ്ങളുടെ ഭാഗമായി തക്കലയിൽ നിന്ന് കാവടിയേന്തി പൊലീസ് ഉദ്യോഗസ്ഥരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും കുമാരകോവിലിലെത്തി. കുറ്റകൃത്യങ്ങൾ കുറഞ്ഞ് ജനങ്ങൾ സമാധാനമായി ജീവിക്കാൻ വേണ്ടിയാണ് പൊലീസുകാർ വ്രതമെടുത്ത് കാവടിയേന്തി ക്ഷേത്ര സന്നിധിയിലെത്തുന്നത്. കാർത്തിക മാസത്തിലെ അവസാന വെള്ളിയാഴ്ച്ചയാണ് ഇത്തരത്തിൽ കാവടി ഘോഷയാത്ര നടത്തുന്നത്.
ബി.ജെ.പി പ്രവർത്തകർ പൊലീസ്
സ്റ്റേഷൻ ഉപരോധിച്ചു
കാവടി ഘോഷയാത്ര നടത്താൻ അനുമതിയില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചതിൽ പ്രതിഷേധിച്ച് ബി.ജെപി പ്രവർത്തകരും ഹിന്ദു മുന്നണി പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, ഹിന്ദു മുന്നണി കന്യാകുമാരി ജില്ലാ പ്രസിഡന്റ് മിസാ സോമൻ തുടങ്ങിയവർ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സംഭവമറിഞ്ഞെത്തിയ എ.ഡിഎസ്.പി ഈശ്വരൻ കാവടി ഘോഷയാത്രയ്ക്ക് അനുമതി നൽകിയിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സമരക്കാർ പിരിഞ്ഞുപോയി.