
തിരുവനന്തപുരം: കേരള- ഫിൻലൻഡ് കൂട്ടായ്മയിൽ സംസ്ഥാന വിദ്യാഭ്യാസ മേഖലയിൽ അദ്ധ്യാപക ശാക്തീകരണം, പ്രീപ്രൈമറി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഗണിതശാസ്ത്ര പഠനം, വിലയിരുത്തൽ സമീപനം, ഗവേഷണാത്മക പഠനം എന്നീ ആറ് മേഖലകളിൽ വിശദപഠനങ്ങൾ നടക്കും. ഇതിൽ സാങ്കേതികവിദ്യാഭ്യാസം ഒഴികെയുള്ളവ കേരളം ഫിൻലൻഡിൽ നിന്ന് സ്വീകരിക്കുന്നതും സാങ്കേതികവിദ്യ കേരളം നൽകുന്നതുമാണ്. അദ്ധ്യാപക ശാക്തീകരണമാണ് ആദ്യഘട്ടത്തിലുണ്ടാവുക. ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ തയാറാക്കുന്നതിനുള്ള ഉത്തരവാദിത്തം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനും എസ്.സി.ഇ.ആർ.ടിക്കും എസ്.എസ്.കെയ്ക്കുമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മേൽനോട്ടം. അദ്ധ്യാപന പരിശീലന കോഴ്സിൽ അഡ്മിഷന് ദേശീയ തലത്തിൽ പ്രവേശന പരീക്ഷയും രണ്ട് വട്ടം അഭിമുഖ പരീക്ഷയും പാസാകണമെന്നതാണ് ഫിൻലൻഡ് മാതൃക. ഫിൻലൻഡിൽ വിദ്യാർത്ഥികളെ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും അദ്ധ്യാപകർക്കാണ്. ആ മാതൃക സ്വീകരിക്കുമ്പോൾ സംസ്ഥാന വിദ്യാഭ്യാസ രീതിക്കനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടി വരും. പ്രാഥമിക ഘട്ടമെന്ന നിലയിൽ 50 പേരടങ്ങുന്ന സംഘത്തിന് പരിശീലനം നൽകും. അത് സ്കൂളുകളിൽ പ്രാവർത്തികമാക്കി ഗുണദോഷങ്ങൾ മനസിലാക്കിയശേഷമാകും തുടർപ്രവർത്തനം. പ്രീപ്രൈമറി വിദ്യാഭ്യാസം, ഗണിതശാസ്ത്ര പഠനം, വിലയിരുത്തൽ സമീപനം, ഗവേഷണാത്മക പഠനം എന്നിവയിൽ ഇനിയും ചർച്ചകൾ ആവശ്യമാണ്. ഏഴാം വയസിൽ പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്ന ഫിൻലൻഡിൽ സ്കൂൾ കാലത്തിന്റെ അവസാന വർഷം മാത്രമേ പൊതുപരീക്ഷയുള്ളൂ. അല്ലാതെ ഒരു ക്ളാസിലും പരീക്ഷയുണ്ടാകില്ല. സ്കൂൾ പ്രവേശനത്തിനു പോലും പരീക്ഷ വയ്ക്കുന്ന കേരളത്തിൽ ഇതെത്രത്തോളം പ്രാവർത്തികമാക്കുമെന്ന പഠനം അത്യാവശ്യമാണ്. വിദ്യാഭ്യാസ മേഖലയിൽ വിവിധ മേഖലകളിൽ ഹ്രസ്വ-ദീർഘകാല പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്.
കേരളത്തിൽ നിന്ന് ഫിൻലൻഡ് സ്വീകരിക്കുന്നത് സാങ്കേതിക വിദ്യാഭ്യാസമാണ്. ഇത് കൈറ്റിലൂടെയാണ് നടപ്പാക്കുക.