
മലയിൻകീഴ് : ജില്ലാതല കേരളോത്സവത്തിന്റെ രണ്ടാംദിനമായിരുന്ന ഇന്നലെ കലാമത്സരങ്ങൾക്ക് തുടക്കമായി.കലാമത്സര ഉദ്ഘാടന സമ്മേളനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.യുവജനങ്ങളുടെ കലാപരവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന കേരളോത്സവം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ .ബി സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിളപ്പിൽ രാധാകൃഷ്ണൻ,എം.ജലീൽ,വി.ആർ സലൂജ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.വത്സലകുമാരി,ടി.മല്ലിക,യുവജനക്ഷേമ ബോർഡ് കോ-ഓർഡിനേറ്റർ ആർ.എസ് ചന്ദ്രികാദേവി,ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.എം അൻസാരി എന്നിവർ സംസാരിച്ചു.
ഇന്നലെ ഒന്നാം വേദി ലെനിൻ രാജേന്ദ്രൻ നഗറിൽ(വൊക്കേഷണൽ ഹയർസെക്കൻഡറി ബോയ്സ് സ്കൂൾ) ഭരതനാട്യം,മോഹിനിയാട്ടം,കേരളനടനം,കുച്ചിപ്പുടി എന്നിവയും രണ്ടാം വേദിയായ പാറശ്ശാല പൊന്നമ്മാൾ നഗറിൽ(വി.എച്ച്.എസ്.എസ്.ഫോർ ബോയ്സ് മലയിൻകീഴ്) ലളിതഗാനം,കർണ്ണാടക സംഗീതം, മാപ്പിളപ്പാട്ട്,വായ്പ്പാട്ട് എന്നിവയും അരങ്ങേറി.മൂന്നാം വേദിയായ കലാഭവൻ മണി നഗറിൽ(മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മെയിൻ ഓഡിറ്റോറിയം) കോൽക്കളി, ദഫ് മുട്ട്,വട്ടപ്പാട്ട്,ഒപ്പന,തിരുവാതിര,മാർഗംകളി എന്നിവയും നാലാം വേദിയായ പൂവച്ചൽ ഖാദർ നഗറിൽ(മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മിനികോൺഫറൻസ് ഹാൾ)പ്രസംഗം, ക്വിസ് മത്സരം എന്നിവയും അഞ്ചാം വേദിയായ എ അയ്യപ്പൻ നഗറിൽ(മലയിൻകീഴ് ഗവ.വി.എച്ച്.എസ്.എസ്.ഫോർ ബോയ്സ്) രചന മത്സരങ്ങളും നടന്നു.ഇന്ന് രാവിലെ 9 മണി മുതൽ ഒന്നുമുതൽ നാല് വരെയുള്ള വേദികളിൽ കലാമത്സരങ്ങൾ, നാടോടിനൃത്തം,കഥകളി,ഓട്ടൻതുള്ളൽ തുടങ്ങിയവ അരങ്ങേറും.