തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തും. 30,31, ജനുവരി ഒന്ന് എന്നീ തീയതികളിൽ നടക്കുന്ന തീർത്ഥാടനം പൂർണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക. തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനം വിലയിരുത്തുന്നതിന് കടകംപള്ളി സുരേന്ദ്രൻ എം.എൽ എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷയ്ക്കും പൊലീസ് പ്രത്യേക പദ്ധതികൾ തയ്യാറാക്കി.തീർത്ഥാടന ദിവസങ്ങളിൽ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കാൻ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തും. തിരക്ക് കണക്കിലെടുത്ത് തീർത്ഥാടനദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവുമുണ്ടാകും. റോഡുകളുടെ അറ്റകുറ്റപ്പണിയും കേടായ തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതും അടിയന്തരമായി പൂർത്തിയാക്കും. ഉത്സവപ്രദേശത്തെ ശുചീകരണം നഗരസഭയുടെ നേതൃത്വത്തിൽ നടത്തും. ഗതാഗതം തടസപ്പെടുത്തിയുള്ള വഴിയോരക്കച്ചവടം നിരോധിക്കും. തീർത്ഥാടകരെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചെമ്പഴന്തി എസ്.എൻ കോളേജ് ഗ്രൗണ്ടിൽ സൗകര്യമൊരുക്കും.ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ വികസന ഫോട്ടോ പ്രദർശനം, പ്രസിദ്ധീകരണങ്ങളുടെ സൗജന്യ വിതരണം എന്നിവയുമൊരുക്കും.
ചെമ്പഴന്തി ഗുരുകുലത്തിൽ ചേർന്ന യോഗത്തിൽ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കൗൺസിൽ അദ്ധ്യക്ഷൻ ഡി.ആർ.അനിൽ,കൗൺസിലർ ചെമ്പഴന്തി ഉദയൻ,ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ എന്നിവരും പങ്കെടുത്തു.