
തിരുവനന്തപുരം: നക്ഷത്രശോഭയൊരുക്കി ക്രിസ്‌മസിനെ വരവേൽക്കാൽ നഗരമുണർന്നു. കിഴക്കേകോട്ട, പാളയം സാഫല്യം കോംപ്ലക്സ്, ചാല എന്നിവിടങ്ങളിൽ ക്രിസ്മസ് വിപണി സജീവമാണ്. എ.കെ.ജി സെന്ററിന് സമീപം ഒൻപത് വർഷങ്ങളായി പുൽക്കൂട് വിൽക്കുന്ന കുന്നുകുഴി സ്വദേശി ഗിൽബെർട്ടിന് ക്രിസ്‌മസ് ആഘോഷവും ആവേശവുമാണ്. കൊല്ലം ജില്ലയിൽ ആശാരിമാർ നിർമ്മിക്കുന്ന ചൂരൽ പുൽക്കൂടിൽ തിരുവനന്തപുരത്തു വച്ച് വയ്ക്കോലുകൾ പിടിപ്പിക്കും. വലിപ്പത്തിനനുസരിച്ച് 500 മുതൽ 5000 രൂപ വരെയുള്ള പുൽക്കൂടുകൾ ഇവിടെയുണ്ട്. നാടൻ ചൂരലിനെക്കാൾ അസാം ചൂരലാണ് നിർമ്മാണത്തിന് അനുയോജ്യം. കരകുളം, നെടുമങ്ങാട് ഭാഗങ്ങളിൽ നിന്നാണ് വയ്ക്കോൽ എടുക്കുന്നത്.
പുൽക്കൂട്ടിലെ രൂപങ്ങൾക്കും ആവശ്യക്കാരുണ്ട്. ക്രിസ്‌മസ് ട്രീകൾ ഒരടിയുള്ളതിന് 60 മുതൽ എട്ടടിയുള്ളതിന് 3000 രൂപ വരെയാണ് വില. ഇതിൽ അലങ്കരിക്കുന്ന ബാൾ, നക്ഷത്രം, ബെൽ, ഡ്രം എന്നിവയ്ക്ക് വില ഏഴ് മുതൽ ആരംഭിക്കുന്നു. കേക്ക് വിപണിയും ഉഷാറാണ്. ലോക്ക്ഡൗണിൽ വീടുകളിൽ തന്നെ കേക്ക് ഒരുക്കാൻ ആളുകൾ സ്വയം പര്യാപ്തത നേടിയെന്നതും പ്രത്യേകതയാണ്. എങ്കിലും ക്രിസ്‌മസിന് ആഴ്ചകൾക്ക് മുൻപ് തന്നെ ബേക്കറികളിൽ കേക്കുകൾക്കായി ഓർഡറുകൾ വന്നുതുടങ്ങി. കിലോഗ്രാമിന് 500 മുതൽ 650 വരെ വിലവരും.
നിയോൺ ആണ് താരം...
എൽ.ഇ.ഡി സ്റ്റാറുകളെ പിന്നിലാക്കി നിയോൺ സ്റ്റാറുകളാണ് ഇപ്പോൾ വിപണിയിലെ താരം. ചെറുതിന് 250 രൂപയും ഡബിൾ ലേയറുള്ളതിന് 500 രൂപയുമാണ് വില. മഴയിലും ഇവയ്ക്ക് കേടുപറ്റില്ല. പണ്ട് തരംഗമായിരുന്ന പേപ്പർ സ്റ്റാറുകളിലേയ്ക്ക് ആളുകൾ മടങ്ങുന്നതായും കാണാം. സ്റ്റാറിന് പുറമേ സാന്താക്ലോസ്, ക്രിസ്‌മസ് ട്രീ, ബെൽ എന്നീ രൂപങ്ങളിലും നിയോൺ ലൈറ്റുകൾ ശോഭ തീർക്കും.
മടങ്ങിവരുമോ കാർഡുകളുടെ ക്രിസ്‌മസ്..?
ആഘോഷങ്ങൾക്കിടയിലും ഇന്നലെകളിലെ ഗൃഹാതുരത്വമുള്ള ഓർമ്മ മാത്രമായി ക്രിസ്‌മസ് കാർഡുകൾ മാറുന്നു. നഗരത്തിലെ പ്രധാന മാർക്കറ്റുകളിൽ പോലും കാർഡുകൾ ഇല്ല. സാങ്കേതികവിദ്യയുടെ കടന്നുവരവോടെ കാർഡുകളിലൂടെ സന്ദേശമയയ്ക്കുന്നവർ ഗണ്യമായി കുറഞ്ഞു. ശബ്ദ സന്ദേശങ്ങളും വാട്ട്സാപ്പ് സ്റ്റിക്കറുകളുമാണ് അരങ്ങുവാഴുന്നത്. ഈ മാറ്റത്തിൽ ഏറ്റവും ദുഃഖം പോസ്റ്റൽ വകുപ്പിലെ ജീവനക്കാർക്കാണ്. തനിക്ക് കാർഡുണ്ടോയെന്നു ചോദിച്ച് പ്രതീക്ഷയോടെ കുട്ടികൾ പോസ്റ്റ് ഓഫീസിന് മുന്നിൽ കാത്തുനിന്ന കാലമുണ്ടായിരുന്നു. ഉണ്ണിയേശുവിന്റെയും ക്രിസ്‌മസ് പാപ്പയുടെയും പ്ലെയിൻ കാർഡുകളും വൈവിദ്ധ്യങ്ങളാർന്ന കട്ടിംഗ് കാർഡുകളും ഒരുകാലത്ത് തരംഗമായിരുന്നു. സിനിമാചിത്രങ്ങളുടെ സംഭാഷണങ്ങൾ നിറച്ച കാർഡുകളും ഓർമ്മ മാത്രമായി.
ക്രിസ്‌മസ് വിപണി ഉഷാറാണ്. കടകളിൽ തിരക്കൊഴിഞ്ഞ സമയമില്ല. നല്ല ക്രിസ്‌മസ് വ്യാപാരം പുതുവത്സര പ്രതീക്ഷകളും നൽകുന്നുണ്ട്.
ഹക്കീം, പാളയം മാർക്കറ്റിലെ വ്യാപാരി
പോസ്റ്റ് ഓഫീസുകളിൽ ആകെ വരുന്നത് ബുക്ക് പോസ്റ്റുകളാണ്. പണ്ട് ക്രിസ്‌മസ് കാർഡുകൾ തരം തിരിച്ച് എത്തിക്കാൻ ഒരുപാട്
സമയമെടുക്കുമായിരുന്നു. അന്ന് ഒരുപാട് പേർക്ക് ജോലിയും കിട്ടുമായിരുന്നു. ആ സുവർണകാലം തിരിച്ചുവരാത്തതിൽ വിഷമമുണ്ട്.
എൻ.ചന്ദ്രശേഖരപിള്ള, ഓൾ ഇന്ത്യ പോസ്റ്റൽ ആൻഡ് ആർ.എം.എസ്
പെൻഷണേഴ്സ് അസോസിയേഷൻ, സംസ്ഥാന പ്രസിഡന്റ്