
വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ കോവളം പോറോഡ് പാലത്തിനോട് ചേർന്ന് സർവീസ് ഇല്ലാത്തതിനാൽ ജനം ദുരിതത്തിൽ. ഏഴുവർഷം മുമ്പ് പാലം പണി ആരംഭിച്ചപ്പോൾ മുതൽ സർവീസ് റോഡ് ഇല്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. സർവീസ് റോഡ് നിർമ്മിക്കുമെന്ന് അന്ന് അധികൃതർ പറഞ്ഞെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
പാലം വന്നതോടെ പോറോഡ് നിവാസികളുടെ യാത്ര ബുദ്ധിമുട്ടിലായി. കോവളത്ത് നിന്നാരംഭിക്കുന്ന സർവീസ് റോഡും കല്ലുവെട്ടാൻ കുഴിയിൽ നിന്നുള്ള റോഡും പോറോഡ് അവസാനിക്കും. ഇതിനിടെയ്‌ക്കാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ സർവീസ് റോഡ് ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്നതിനായി നാട്ടുകാർ സ്ഥലം വിട്ടുനൽകിയെങ്കിലും അധികൃതർ മൗനത്തിലാണ്. സർവീസ് റോഡ് ഇല്ലാത്തതിൽ ഈ ഭാഗത്തുള്ളവർ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. കോവളം മുതൽ തലയ്ക്കോട് വരെയുള്ള ബൈപ്പാസ് ഭാഗം തുറന്നുകൊടുത്തതോടെ അമിത വേഗതയിലെത്തുന്ന വാഹനകൾ ഇടയ്ക്കുള്ള സർവീസ് റോഡിലേക്ക് കയറുന്നത് അപകടത്തിനിടയാക്കുന്നു.
പാലം പണി പൂർത്തിയായശേഷം പകുതി വരെ മാത്രമുള്ള സർവീസ് റോഡ് അടച്ചിരുന്നത് പ്രതിഷേധത്തിനിടയാക്കിയതോടെ ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് സർവീസ് റോഡിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കിയെങ്കിലും നടപടിയായില്ല. ഏകദേശം 200 മീറ്ററോളം നീളമുള്ളതാണ് പാലം. ഇനി സർവീസ് റോഡ് പണിയണമെങ്കിൽ ഇത്രയും നീളത്തിലും 20 മീറ്ററോളം ഉയരത്തിൽ പാലത്തിന് ഇരുവശത്തും സമാന്തരമായി രണ്ട് പാലങ്ങൾ നിർമ്മിക്കേണ്ട അവസ്ഥയാണ്.
തലക്കുളം പൂർവ സ്ഥിതിയിലാക്കണം
പാലം നിർമ്മാണത്തിന്റെ പേരിൽ നികത്തിയ തലക്കുളം പൂർവ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏകദേശം 2000 അടി ചതുരശ്ര അടി വിസ്‌തീർണമുള്ള കുളമാണ് നികത്തപ്പെട്ടത്. പോറോഡ് മുതൽ പനങ്ങോട് വരെ എത്തുന്നതാണ് തലക്കുളം. നാട്ടുകാർ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ആശ്രയിച്ചിരുന്നതാണ് ഈ കുളം.
സർവീസ് റോഡിൽ മാലിന്യ നിക്ഷേപം
സർവീസ് റോഡ് പകുതിയിൽ നിറുത്തിയതും വഴിവിളക്കുകൾ ഇല്ലാത്തതും സാമൂഹ്യ വിരുദ്ധർക്ക്
എളുപ്പമായി. ഇവിടെ മാലിന്യ നിക്ഷേപവും തകൃതിയാണ്.